വായനയിലൂടെ മാത്രമേ ഉള്‍ക്കാഴ്ചയും ഉണര്‍വുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ എന്നും മനസ്സിനെ ബലപ്പെടുത്തുന്ന വായനയുടെ അത്ഭുതലോകത്തിലേക്ക് കുട്ടികളുടെ കൈപിടിച്ചുയര്‍ത്താന്‍ രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ ശ്രദ്ധിക്കണമെന്നും തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പി.ആര്‍.ഡി., അധ്യാപക കലാസാഹിതി സംസ്ഥാന കമ്മിറ്റി എന്നിവ സംയുക്തമായി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ സംഘടിപ്പിച്ച പ്രൊഫ. ആര്‍. ഗംഗപ്രസാദ് സ്മാരക സംസ്ഥാനതല വായനമത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. സി. ഉണ്ണിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ. ഷാജഹാന്‍ അധ്യക്ഷനായി. കളക്ടര്‍ എസ്. ലളിതാംബിക, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി.താരാഭായി, തുണ്ടില്‍ നൗഷാദ്, ആര്‍.എസ്.അനില്‍, അഡ്വ. ജി. ശശി, ആര്‍. ശ്രീധരന്‍പിള്ള, ഡോ. കെ. മോഹനകുമാര്‍, ആര്‍. വേണുഗോപാല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ.ഗോപന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഗംഗാധരന്‍ പിള്ള, കെ. ശിവശങ്കരന്‍ നായര്‍, ചിത്രകാരന്‍ കെ.പി. ജ്യോതിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുരീപ്പുഴ ഫ്രാന്‍സിസ് സ്വാഗതം പറഞ്ഞു.

വായനമത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മുന്നൂറില്‍പ്പരം കുട്ടികള്‍ പങ്കെടുത്തു. ബര്‍ണാഡ്ഷാ, കുമാരനാശാന്‍, ആന്റണ്‍ വെഖോയ്, കെ. ഭാസ്‌കരന്‍ തുടങ്ങി 30 ഓളം എഴുത്തുകാരുടെ രചനകളാണ് വായനയ്ക്കായി തിരഞ്ഞെടുത്തിരുന്നത്. പൂയപ്പള്ളി ഗവ. എച്ച്.എസ്. എസ്സിലെ മാളവിക ഒന്നാംസമ്മാനം നേടി. രണ്ടാംസമ്മാനം കൊല്ലം എസ്.എന്‍. ട്രസ്റ്റിലെ വി. വിനായകും കോട്ടവട്ടം ഗവണ്‍മെന്റ് എച്ച്.എസ്.എസ്സിലെ ജിഷ്ണു മൂന്നാം സമ്മാനവും കരസ്ഥമാക്കി.

കളക്ടര്‍ എസ്. ലളിതാംബിക സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കുമാരി സൂസന്‍ മാത്യു കോവില്‍ത്തോട്ടം രചിച്ച കന്നിക്കൂട്ട് എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനകുമാര്‍ പുസ്തകം സ്വീകരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.ഷാജഹാന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് താരാഭായി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശാസ്താംകോട്ട ഗ്രാമോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ബധിര വിദ്യാര്‍ത്ഥി കെ. എസ്. ശരത്ചന്ദ്രന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.