കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ ദേഹത്ത് മഷിയൊഴിച്ച്‌ പ്രതിഷേധം. ഭോപ്പാല്‍ എയിംസ് ആസ്പത്രിയില്‍ വച്ചാണ് കേന്ദ്രമന്ത്രിയുടെ മേല്‍ മഷിയൊഴിച്ചത്. എയിംസില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയായിരുന്ന വിദ്യാര്‍ഥികളാണ് മന്ത്രിയുടെ മേല്‍ മഷിയൊഴിച്ചത്.

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ശനിയാഴ്ച എയിംസ് ക്യാംപസിലെത്തിയ മന്ത്രിയെ കാണാനും തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുവാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടചടങ്ങുകള്‍ക്ക് ശേഷം സമരക്കാരെ കാണാതെ കേന്ദ്രമന്ത്രി ക്യാംപസ് വിടാനൊരുങ്ങിയതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാക്കുകയായിരുന്നു.

വേദിയില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ ശ്രമിച്ച മന്ത്രിയെ വിദ്യാര്‍ത്ഥികള്‍ തടയാന്‍ ശ്രമിച്ചതോടെ പോലീസും സമരക്കാരും തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടയിലാണ് വിദ്യാര്‍ഥികള്‍ മാര്‍ക്കര്‍ സ്കെച്ചിന്റെ മഷി മന്ത്രിയുടെ മേല്‍ക്കൊഴിച്ചത്.

പ്രവര്‍ത്തനം തുടങ്ങി 13 വര്‍ഷമായിട്ടും ഭോപ്പാല്‍ എയിംസ് പൂര്‍ണപ്രവര്‍ത്തനസജ്ജമല്ലെന്ന് പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.