ജനങ്ങളുടെ ജീവനെക്കാള്‍ വലുത് ഒന്നുമില്ല. ഇതു സുപ്രീംകോടതിയുടെ ഏറ്റവും ഒടുവിലത്തെ, രണ്ടുദിവസം മുമ്പത്തെ, നിരീക്ഷണങ്ങളിലൊന്ന്.
കുറ്റകരമായി വാഹനമോടിച്ചു നിരപരാധികളുടെ മരണത്തിനു കാരണക്കാരാകുന്നവര്‍ക്കെതിരേ കര്‍ശന നടപടി നിര്‍ദേശിച്ചപ്പോഴാണു മനുഷ്യജീവന്റെ അനന്യപ്രാധാന്യത്തെക്കുറിച്ചു പരമോന്നത കോടതി പറഞ്ഞത്. മനുഷ്യജീവനു മൃഗജീവനെക്കാള്‍ വിലയുണ്ടെന്നു തന്നെയാണല്ലൊ ഇതിനര്‍ഥം. എന്നാല്‍, മനുഷ്യനുള്ള എല്ലാ അവകാശങ്ങളും നായ്ക്കള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും ഉണ്ടെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മുന്‍ ന്യായാധിപന്‍. അതു കോടതിക്കു പുറത്തുള്ള അഭിപ്രായപ്രകടനം. തെരുവുനായ്ക്കളിലും മറ്റു മൃഗങ്ങളിലും നിന്നു സുരക്ഷിതമായ അകലത്തില്‍ കഴിയുന്ന, കഴിയാന്‍ സൗകര്യമുള്ള പലര്‍ക്കും ഇതേ അഭിപ്രായമുണ്ട്. സുപ്രീംകോടതി പറഞ്ഞത് അവര്‍ അംഗീകരിക്കുന്നുണ്ടാകുമോ.
തെരുവുനായ്ക്കള്‍ മനുഷ്യര്‍ക്കു മാത്രമല്ല, വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുംകൂടി മാരകഭീഷണിയായപ്പോള്‍ രക്ഷയ്ക്കായി തിരിഞ്ഞവരെക്കുറിച്ചാണ് ഈ ആക്ഷേപം. അവര്‍ ചെയ്യുന്നതു ഹിറ്റ്‌ലര്‍ ചെയ്തതുപോലെ കടുത്ത പാതകമാണത്രെ.
ഉന്മൂലനചിന്തയോടെ തെരുവുനായ്ക്കളെ കൂട്ടത്തോടെ, അകാരണമായി കൊന്നൊടുക്കുന്നതു ജീവവിരുദ്ധംതന്നെയെന്നതില്‍ സംശയമില്ല. എന്നാല്‍, തെരുവുനായ്ക്കള്‍ കടിച്ചുകീറിയവരുടെ കാര്യമോ.അങ്ങോട്ടാക്രമിക്കുമ്പോഴാണു നായ്ക്കള്‍ ഇങ്ങോട്ടാക്രമിക്കുന്നത് എന്നു പറയുന്നതു മന്ത്രിണിയായാലും സംഘടനാജീവികളായാലും മുന്‍ന്യായാധിപനായാലും അവര്‍, ആര്‍ത്തിപൂണ്ട തെരുവുനായ്ക്കള്‍ പെരുകിയ ഇടത്തിലൂടെ ഒരു പൊതി മാംസവുമായി നിരായുധരായി നടന്നുപോകട്ടെ. അങ്ങനെ പോകേണ്ടി വന്ന ഒരു സ്ത്രീയെ തെരുവുനായ്ക്കള്‍ കടിച്ചുകീറിയതൊന്നും പ്രശ്‌നമല്ലെങ്കില്‍ അത്തരം നായസ്‌നേഹികള്‍, സ്വന്തം ചിന്താഭ്രാന്തിനെയോ പ്രശസ്തിമോഹത്തെയോ ആണു താലോലിക്കുന്നതെന്ന കാര്യത്തില്‍ ഇവിടാര്‍ക്കും സംശയമില്ല. തെരുവുനായ്ക്കള്‍ക്കു മാത്രമല്ല, അവയുടെ രക്ഷകവേഷം അണിയുന്നവര്‍ക്കുമുണ്ട് ദിനങ്ങള്‍ എന്നിപ്പോള്‍ ബോധ്യമായി.