ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബൂബക്കർ ബാഗ്ദാദിക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതായി റിപ്പോർട്ടുകൾ. ഇറാക്കിലെ നിനവെയിലെ ഭീകര കേന്ദ്രത്തിൽ ബാഗ്ദാദിക്കും മൂന്നു മുതിർന്ന നേതാക്കൾക്കുമായി തയാറാക്കിയ ഉച്ചഭക്ഷണത്തിലാണ് വിഷം ചേർത്തു നൽകിയതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുരുതരാവസ്‌ഥയിലായ ബാഗ്ദാദിയെ അജ്‌ഞാത കേന്ദ്രത്തിലേക്ക് മാറ്റിതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് അറിവായിട്ടില്ല. ബന്ധപ്പെട്ട് നിരവധി പേർ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അബു ഉമർ അൽ ബാഗ്ദാദി 2010ൽ കൊല്ലപ്പെട്ടശേഷമാണ് അബൂബക്കർ അൽ ബാഗ്ദാദി എന്ന ഇബ്രാഹിം അവാദ് ഇബ്രാഹിം ഐഎസ് തലവനാകുന്നത്. 2013ൽ സിറിയയിലെ ആഭ്യന്തര യുദ്ധത്തോടെയാണ് അൽ ബാഗ്ദാദി ലോകശ്രദ്ധയിൽ വരുന്നത്. അതിനുശേഷം അൽ ബാഗ്ദാദി മരിച്ചെന്ന് പലതവണ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും വ്യാജമാണെന്ന് തെളിയുകയായിരുന്നു.