ദീപാവലി വേളയില്‍ സ്വദേശി ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പാക്കിസ്ഥാനു നയതന്ത്ര പിന്തുണ നല്‍കുന്ന ചൈനയ്ക്കു ദീപാവലി വിപണിയില്‍ തിരിച്ചടിയേകാനുള്ള നീക്കം കൂടിയാണിതെന്നു വിലയിരുത്തപ്പെടുന്നു. ബിജെപി എംപിമാര്‍ക്ക് അയച്ച കത്തിലാണ് ദീപാവലി വേളയില്‍ സ്വദേശി ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. ബിജെപി സംഘടനാ തലത്തിലും ഈ സന്ദേശം പ്രചരിപ്പിക്കും. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ യുഎന്‍ പ്രമേയത്തിനുള്ള ഇന്ത്യന്‍ നീക്കത്തെ ചൈന തടഞ്ഞതില്‍ ബിജെപി നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. യുഎസ്, യുകെ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ നടത്തിയ നീക്കമാണ് ചൈന തടഞ്ഞത്.

പാക്കിസ്ഥാനു ജലം വിട്ടുകൊടുക്കുന്ന സിന്ധു നദീജല കരാര്‍ പുനഃപരിശോധിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടെടുത്തതിനു തിരിച്ചടിയെന്നോണം ചൈന ബ്രഹ്മപുത്ര പോഷകനദി തടഞ്ഞു വൈദ്യുത പദ്ധതി ആരംഭിക്കാനൊരുങ്ങിയതും ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ബിജെപി എംപിമാര്‍ക്ക് അയച്ച കത്തിലും രാജ്യത്തെ ജനങ്ങളെയെല്ലാം അഭിസംബോധന ചെയ്താണ് മോദി സന്ദേശം നല്‍കുന്നത്. ഇത്തവണ ദീപാവലി വേളയില്‍ വീടുകളില്‍ ഉപയോഗിക്കുന്ന വിളക്കുകളും അലങ്കാരങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളുമെല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണെന്ന് ഉറപ്പു വരുത്തണമെന്നാണു മോദിയുടെ അഭ്യര്‍ഥന.

ഇത്തരം ചെറു ചുവടുകളിലൂടെ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നും പ്രധാന സേവകനായ തന്റെ അഭ്യര്‍ഥന മാനിക്കണമെന്നും മോദി അഭ്യര്‍ഥിക്കുന്നു. ഈ മാസാവസാനമെത്തുന്ന ദീപാവലിയില്‍ ജനങ്ങള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചാല്‍ വാണിജ്യപരമായി ചൈനയെ വരുതിയിലാക്കാമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. ഇന്ത്യയിലെ വിപുലമായ വിപണിയിലെ പങ്കില്‍ ഇടിവുണ്ടായാല്‍ ചൈനയുടെ സാമ്ബത്തിക, വ്യാവസായിക നിലയെ പ്രതികൂലമായി ബാധിക്കും.

ഉറി ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തോടെ ഇന്ത്യാ – പാക്ക് സംഘര്‍ഷം രൂക്ഷമാകുകയാണ്. പാക്കിസ്ഥാനെ അനുകൂലിക്കുന്ന നിലപാടെടുക്കുന്നതു ചൈനയുമായുള്ള വാണിജ്യ സഹകരണത്തെ ബാധിക്കുമെന്ന സന്ദേശം നല്‍കാനാണു പ്രധാനമന്ത്രിയുടെ ശ്രമം. സമൂഹ മാധ്യമങ്ങളിലൂടെ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള പ്രചാരണം ബിജെപി അനുകൂല കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.