അണ്ടർ 17 ലോകകപ്പിന് കൊച്ചി വേദിയാകും. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പരിശോധന നടത്തിയ ശേഷമാണ് ഫിഫ സംഘം ഇക്കാര്യം വ്യക്‌തമാക്കിയത്. ലോകകപ്പിനുള്ള ഒരുക്കങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. എന്നാൽ ഏതൊക്കെ മത്സരങ്ങളാണ് നടക്കുന്നത് എന്ന കാര്യത്തിൽ ഫിഫ സംഘം വ്യക്‌തത നൽകിയില്ല. പരിശീലന ഗ്രൗണ്ടുകളായി നിശ്ചയിച്ചിട്ടുള്ള ഫോർട്ട് കൊച്ചി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി, മഹാരാജാസ് സ്റ്റേഡിയം എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി.

മുന്നൊരുക്കങ്ങളുടെ രണ്ടാംഘട്ട പരിശോധനയാണ് ഇപ്പോൾ നടന്നത്. സാധ്യതാ പട്ടികയിലുള്ള ആറു വേദികളിലെ പരിശോധന കൊച്ചിയിൽനിന്നാണ് ആരംഭിക്കുന്നത്. കൊച്ചിക്കുശേഷം നവി മുംബൈ, ഗോവ, ഡൽഹി, ഗോഹട്ടി, കോൽക്കത്ത എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും സംഘം സന്ദർശിക്കുന്നുണ്ട്. പ്രോജക്ട് ലീഡർ ട്രേസി ലൂവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 13 പേരാണുള്ളത്.