ഇന്ത്യ–ചൈന സംയുക്‌ത സൈനികാഭ്യാസ പ്രകടനം ജമ്മു കാഷ്മീരിലെ ലഡാക്കിൽ നടന്നു. ഇന്ത്യയുടെ എൻഎസ്ജി പ്രവേശനം, ജയ്ഷെ ഇ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ യുഎൻ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തൽ തുടങ്ങിയ പ്രശ്നങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കെയാണ് സംയുക്‌ത സൈനികാഭ്യാസം നടന്നത്.

ഭൂകമ്പ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുകയായിരുന്നു സൈനികാഭ്യാസത്തിന്റെ ലക്ഷ്യം. ഇതിനായി ഭൂകമ്പ സാഹചര്യം കൃത്രിമമായി സൃഷ്ടിക്കുകയും തുടർന്നു രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.

ഫെബ്രുവരിയിൽ ചൈനയിൽ നടന്ന സൈനികാഭ്യാസത്തിന്റെ തുടർച്ചയായാണു ലഡാക്കിൽ നടന്നത്. ബ്രിഗേഡിയർ ആർ.എസ്. രാമന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും കേണൽ ഫാൻ ജുന്റെ നേതൃത്വത്തിലുള്ള ചൈനിസ് സംഘവുമാണു സൈനികാഭ്യാസത്തിൽ പങ്കെടുത്തത്. സൈനികാഭ്യാസം വിജയമായിരുന്നുവെന്നു സൈന്യം അറിയിച്ചു.