തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് അണ്ണാ ഡി.എം.കെ . ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പാര്‍ട്ടി വക്താവ് സി.ആര്‍. സരസ്വതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദീപാവലിക്ക് മുമ്പ് ആശുപത്രി വിടുമെന്നാണ് അണ്ണാ ഡി.എം.കെ അനൗദ്യോഗികമായി അവകാശപ്പെടുന്നത്. എന്നാല്‍, എപ്പോള്‍ ആശുപത്രി വിടുമെന്ന കാര്യം ഡോക്ടര്‍മാരാണ് തീരുമാനിക്കേണ്ടതെന്ന് ആശുപത്രി വൃത്തങ്ങള്‍ പ്രതികരിച്ചു.

ആന്തരാവയവങ്ങളിലെ അണുബാധ നിയന്ത്രിക്കാനുള്ള ചികിത്സ അമ്പത് ശതമാനം വിജയം കണ്ടതായാണ് അറിയുന്നത്. കരള്‍, വൃക്ക തുടങ്ങിയവയുടെ അണുബാധ നിയന്ത്രണ വിധേയമായി. ശ്വസനേന്ദ്രിയത്തിലെ അണുബാധ നിയന്ത്രണ വിധേയമായിട്ടില്ല. ഇതുമൂലം സ്വാഭാവികമായ ശ്വാസോഛാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കൃത്രിമ ശ്വാസോച്ഛ്വാസം ഇടവിട്ട് നല്‍കിവരുകയാണ്.

ട്യൂബിന്റെ സഹായത്തോടെ ദ്രാവകരൂപത്തിലാണ് ഭക്ഷണം നല്‍കുന്നത്. തുടര്‍ച്ചയായി കിടക്കുന്നത് ശരീരം പൊട്ടാനുള്ള സാധ്യത ഒഴിവാക്കാന്‍ വാട്ടര്‍ബെഡ് ഉപയോഗിച്ച് ഫിസിയോതെറപ്പി നല്‍കിവരുന്നു. ജയലളിത ആശയവിനിമയശേഷിയിലേക്ക് എത്തിയതായും സൂചനയുണ്ട്. അതേസമയം, മെഡിക്കല്‍ റിപ്പോര്‍ട്ട് ദിവസങ്ങളായി പുറത്തുവിടുന്നില്ല. ഇതിനിടെ ചികിത്സാ സംഘത്തിലെ വിദേശ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെ ലണ്ടനില്‍ നിന്ന് വീണ്ടും അപ്പോളോയിലത്തെി.