ജമ്മു കാഷ്മീരിലെ രാജ്യാന്തര അതിർത്തിയിൽ ഏറ്റുമുട്ടൽ കനത്തു. കഴിഞ്ഞ രാത്രിയിലുടനീളം പാക് സൈന്യം ശക്‌തമായ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. ബിഎസ്എഫ് ശക്‌തമായ തിരിച്ചടി നൽകി. നൗഷേര, സുന്ദർബാനി, പല്ലൻവാല സെക്ടറുകളിലാണ് ഇന്നു പുലർച്ചെ പാക് ഷെല്ലാക്രമണം നടന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ ഇത് ആറാം തവണയാണ് പാക്കിസ്‌ഥാൻ വെടിനിർത്തൽകരാർ ലംഘിക്കുന്നത്.

പാക് സൈന്യത്തിനു കനത്ത നഷ്‌ടമുണ്ടായതായി ബിഎസ്എഫ് അറിയിച്ചു. ഇന്ത്യൻ ഭാഗത്ത് പരിക്കുകളോ ജീവഹാനിയോ നേരിട്ടിട്ടില്ല. ഹിരാനഗറിലും സാംബ സെക്ടറിലുമാണ് ശക്‌തമായ പാക് ഷെല്ലാക്രമണവും വെടിവയ്പ്പും നടന്നത്. പൂഞ്ച് സെക്ടറിലെ ആർഎസ് പുര, അഖ്നോർ പ്രദേശങ്ങളിലും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു.

പാക് റേഞ്ചേഴ്സിന്റെ വെടിവയ്പ്പിൽ പെൺകുട്ടി അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റതായി ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. കഠുവ ജില്ലയിലെ രാജ്യാന്തര അതിർത്തിയിലെ പെൺകുട്ടിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉണ്ടായ പാക് ആക്രമണങ്ങളിൽ നാല് വനിതകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റിരുന്നു.