ഇ-മെയില്‍ വിവാദത്തില്‍പെട്ട ഹിലരി ക്‌ളിന്റന്റെ ലീഡ് കുത്തനെ കുറഞ്ഞതോടെ പോരാട്ടം ഇഞ്ചോടിഞ്ചായി. നേരത്തേ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വ്യക്തമായ ലീഡുണ്ടായിരുന്ന ഹിലരിയുടെ നില ഇതോടെ പരുങ്ങലിലായി. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, എ.ബി.സി ന്യൂസും വാഷിങ്ടണ്‍ പോസ്റ്റും നടത്തിയ സര്‍വേയില്‍ രണ്ടു പോയന്റിന്റെ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുള്ളത്.

സര്‍വേയില്‍ 46 ശതമാനം പേര്‍ ഹിലരിയെ പിന്തുണച്ചപ്പോള്‍ 45 ശതമാനം ആളുകള്‍ ട്രംപിനെ പിന്തുണച്ചു. പുതുതായി പുറത്തുവന്ന മിക്ക സര്‍വേകളിലും ട്രംപ് മികച്ച മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അതിനിടെ, പുതുതായി പുറത്തുവന്ന ഇ-മെയിലുകള്‍ പരിശോധിക്കാന്‍ ഹിലരിക്കെതിരെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഡെമോക്രാറ്റിക് നേതാവ് ആന്റണി വെയ്‌നര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറില്‍നിന്നുമുള്ള മെയിലുകള്‍ എഫ്.ബി.ഐ പരിശോധിക്കും. ഇതോടെ ഈ സര്‍വറിലുള്ള ഹിലരിയുടെ സ്വകാര്യ ഇ-മെയിലുകള്‍ സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വെയ്‌നറുടെ 6,50,000 ഇ-മെയിലുകള്‍ വീണ്ടെടുത്തെന്നും ഇവയില്‍ ഹിലരിയുമായി ബന്ധപ്പെട്ട ഒന്നും കണ്ടത്തൊനായില്‌ളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.