ജില്ലാ ഫ്സ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരിസരത്ത് നിര്‍ത്തിയിട്ട കാറില്‍ പൊട്ടിത്തെറി. ഡിഎംഒ യുടെ കാറിന്റെ പിന്‍വശത്താണു പൊട്ടിത്തെറിയുണ്ടായത്. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ടയറുകള്‍ പഞ്ചറായി. തൊട്ടടുത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ ചില്ലു തകര്‍ന്നു. ഉച്ചയ്ക്ക് ഒന്നോടെയാണു പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിനു ശേഷം കരിമരുന്നിന്റെ ഗന്ധം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നതായി കോടതി പരിസരത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു.

പൊലീസ് പിടിച്ചെടുത്ത് തൊണ്ടിമുതലായി സൂക്ഷിച്ച ഒരു വാഹനം പരിസരത്തുണ്ട്. ഏറെനാളായി ഇവിടെ കിടക്കുന്ന ഈ വാഹനം പരിശോധിക്കാന്‍ ഒരുങ്ങുകയാണു പൊലീസും ഫയര്‍ഫോഴ്സും.ഡിവൈഎസ്പി പി.എം. പ്രദീപിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്. ഇലക്‌ട്രോണിക്സ് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന വലിയ തരം ബാറ്ററിയുടെ അവശിഷ്ടം സ്ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.