ജർമനിയിലെ ഏറ്റവും വലിയ അന്തരാഷ്ട്ര വിമാനത്താവളമായ റൈൻമൈനിൽ നിന്നും നിരക്കു കുറഞ്ഞ സർവീസുമായി റൈൻ എയർ പ്രവർത്തനം ആരംഭിക്കുന്നു. 2017 മാർച്ച് ഒന്നു മുതലാണ് പുതിയ സർവീസുകൾ. നിരക്ക് കുറഞ്ഞ ഫ്ളൈറ്റുകൾ ഉപയോഗിക്കുന്ന ഐറിഷ് എയർലൈൻ ആണ് റൈൻ എയർ.

ഇതുവരെ ഇത്തരം എയർലൈനുകൾക്ക് ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര വിമാനത്താവളത്തിൽനിന്നും സർവീസ് നടത്താൻ അനുവാദം ഉണ്ടായിരുന്നില്ല. റൈൻ എയർ ഫ്രാങ്ക്ഫർട്ടിൽനിന്നും 150 കിലോമീറ്റർ അകലെയുള്ള ജർമനിയിലെ ഹാൻ എയർപോർട്ടിൽ നിന്നുമാണ് സർവീസുകൾ നടത്തിയിരുന്നത്.

മാർച്ചു മുതൽ ഫ്രാങ്ക്ഫർട്ട് അന്തരാഷ്ട്ര എയർപോർട്ടിൽ നിന്നും സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് എയർപോർട്ടുകളായ മലോർക്ക, അലിക്കാന്റെ, മലാഗ, ഫാറോ എന്നിവിടങ്ങളിലേക്കാണ് റൈൻ എയർ സർവീസുകൾ തുടങ്ങുന്നത്. സർവീസുകൾ തുടങ്ങാനുള്ള സമ്മതപത്രത്തിൽ ഫ്രാങ്ക്ഫർട്ട് എയർപോർട്ടും റൈൻ എയറും തമ്മിൽ ഒപ്പുവച്ചു.

ഇതിനിടെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ജർമൻ ലുഫ്ത്താൻസായുടെ സഹോദര എയർലൈനുകളായ ജർമൻ വിംഗ്സ്, യൂറോ വിംഗ്സ് എന്നീ കമ്പനികൾ ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സർവീസുകൾ തുടങ്ങാൻ ലുഫ്ത്താൻസ നീക്കം നടത്തുന്നുണ്ട്.