നോട്ടുപ്രതിസന്ധിക്കിടയിലും ഇതൊരു തമാശതന്നെ. എത്ര പഴകിയാലും നയാ പൈസയ്ക്കു പഴക്കമില്ല. അത് ഇന്നും എന്നും മലയാളിക്കു നയാപൈസയാണ്.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഒക്കെ നോട്ടു പഴഞ്ചനാകും. പുതിയതു വന്നാല്‍ പഴയതിനെ പഴയ അഞ്ഞൂറെന്നും പഴയ ആയിരമെന്നും നമ്മള്‍ വിളിക്കും. പക്ഷേ, ഭാഗ്യംചെയ്ത പഴയ നയാ(പുത്തന്‍) പൈസയ്ക്ക് അങ്ങനെയൊരു ഗതികേടില്ല. 1963ല്‍ നയാപൈസാവിളി രാഷ്ട്രം അവസാനിപ്പിച്ചെങ്കിലും വര്‍ഷമെത്ര കഴിഞ്ഞാലും മലയാളിക്ക് ആ വിളി അങ്ങനെതന്നെ ആയിരിക്കുമെന്നു തോന്നുന്നു. .
ഇന്ത്യ റിപ്പബ്ലിക്കായ സമയത്ത് ബ്രിട്ടിഷിന്ത്യന്‍ നാണയങ്ങളും ഉപയോഗത്തില്‍ ഉണ്ടായിരുന്നതിനാലാണല്ലോ പുതുതായി ദശാടിസ്ഥിത സമ്പ്രദായത്തില്‍ ഇറക്കിയ ചില്ലറ നാണയങ്ങള്‍ക്കു നയാ പൈസാ എന്ന പേരു നല്‍കിയത്. അന്നു നാണയങ്ങളില്‍ നയാ പൈസ എന്നോ തുകയ്ക്കനുസരിച്ചു ബഹുവചനരൂപത്തില്‍ നയേ പൈസേ എന്നോ ചേര്‍ത്തിരുന്നുതാനും. അറുപതുകളിലും ഉപയോഗത്തിലുണ്ടായിരുന്ന അവ ഇന്നത്തെ ചെറുപ്പക്കാര്‍ നാണ്യശേഖരക്കാരുടെ പക്കലോ ഗൂഗ്ള്‍ ഇമേജസിലോ ഒക്കെ കണ്ടു വേണം ആസ്വദിക്കാന്‍.
നയാ എന്നതിനു മലയാളിക്ക് അര്‍ഥം പുത്തന്‍ എന്നല്ല, നിസാരം എന്നാണ്. നയാ പൈസ എന്നു ശക്തികൂട്ടി നീട്ടിപ്പറഞ്ഞാല്‍ അതിനര്‍ഥം പുച്ഛത്തോടടുക്കുന്ന നിസാരീകരണം. കറന്‍സി ബില്ലിന്റെ കാര്യത്തില്‍, കൈയില്‍അഞ്ചിന്റെ നോട്ടില്ല, പത്തിന്റെ നോട്ടില്ല എന്നൊക്കെയാണു നിസാരീകരണ മൊഴി. എന്നാല്‍, നാണയമാക്കിപ്പറയുമ്പോള്‍ നിലവിലുള്ള ചെറിയ നാണയമായ അമ്പതിന്റെ തുട്ടില്ലെന്നോ അമ്പതിന്റെ പൈസയില്ലെന്നോ അല്ല നയാാാപൈസയില്ല എന്നേ മലയാളിക്കു നാവില്‍ വരൂ. നയാപൈസ പഴകി ഇല്ലാതായി അഞ്ചുദശകത്തിലേറെ കഴിഞ്ഞിട്ടും അതങ്ങനെതന്നെ. എണ്‍പതുകാരനു കുഞ്ഞുണ്ണി എന്നും കുഞ്ഞുകുഞ്ഞുകുട്ടി എന്നുമൊക്കെ പേരുകള്‍ ഉള്ളതുപോലെ എന്നു വേണമെങ്കില്‍ പറയാം.