നെഞ്ചില്‍ത്തട്ടിയ പ്രഖ്യാപനം എന്നു പാരഡിഭാഷയില്‍ പറയാന്‍ മാത്രം വികാരചാര്‍ജിതമായിരുന്നു (ഒരു സങ്കരപദപ്രയോഗം!) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നലത്തെ മൊഴികള്‍. നോട്ടുറദ്ദാക്കലില്‍ ദുരുദ്ദേശ്യമില്ലെന്നും പിഴവുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നും.
എത്ര പിഴച്ചാലും തൂക്കിലേറ്റലൊക്കെ വെറുതെ ഉച്ചരിക്കാന്‍പോലും കൊള്ളാത്ത കാര്യം. അതുകൊണ്ട് അതു വിടാം. എന്നാല്‍, നോട്ടുമാറ്റം സാധാരണ ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതങ്ങളെക്കുറിച്ച് ഒരുകാര്യം പറയാതെ വയ്യ. ഇങ്ങനെയൊരു വെട്ട് നേരിട്ടു സാധാരണക്കാര്‍ക്കു നല്‍കിയതു കേന്ദ്രസര്‍ക്കാരാണെങ്കിലും അതിനിട വരുത്തിയ, സര്‍വരെയും വലയ്ക്കാന്‍ കാരണക്കാരായ കൂട്ടര്‍ നിശ്ചയമായും പുറത്തുണ്ട്.
ഈ ദിവസങ്ങളില്‍ വെളിച്ചത്തുവരുന്ന നോട്ടുചാക്കുകളും മലപ്പുറത്തു വീട്ടമ്മവഴി ബാങ്കിലെത്തിയതായി പറയുന്നതുപോലുള്ള കള്ളനോട്ടുകളും അത് ഒരുപോലെ തെളിയിക്കുന്നു. തെളിവില്‍ കണ്ടതിന്റെ നിരവധി മടങ്ങ് ഒളിവിലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. കള്ളപ്പണം ബാങ്കിലടച്ച് പിഴയൊടുക്കി ബാക്കിയുള്ളതു ശുദ്ധസമ്പാദ്യമാക്കാന്‍ അവസരം നല്‍കിയിട്ടും വഴങ്ങാതെ നോട്ടുദുരന്തം വരുത്തിവച്ചവര്‍ ദയ അര്‍ഹിക്കുന്നില്ല. .
മലപ്പുറത്തെ വീട്ടമ്മയ്ക്കു കള്ളനോട്ട് കൈമാറിയത് കുഴല്‍പ്പണക്കാരായിരുന്നോ. അതോ കള്ളനോട്ടുകാരോ. ഒരു സാധാരണ വീട്ടമ്മയുടെ കൈവശം അവരറിയാതെ 37,000രൂപയുടെ കള്ളനോട്ട് എത്തിച്ച സംഘക്കാര്‍ എത്രയോ പേരുടെ പക്കലായി എത്രയോ ലക്ഷം അഥവാ കോടി രൂപയുടെ കള്ളനോട്ട് രാജ്യത്ത് ഇറക്കിയിട്ടുണ്ടാകും.
ഇതൊക്കെ തടയാന്‍ കടുത്ത നീക്കംകൊണ്ടേ പറ്റൂ. നമ്മുടെ അഴിഞ്ഞുകുഴഞ്ഞ സമ്പ്രദായത്തില്‍ അതൊന്നും നടപ്പില്ലെന്ന ധാരണ എല്ലാവര്‍ക്കുമുണ്ട്. അതു തിരുത്തിക്കാന്‍ നെഞ്ചൂറ്റം വേണം. കടുത്ത നീക്കത്തിനു വിലയുംകൊടുക്കണം. മോദി നെഞ്ചൂറ്റംകാട്ടി. പക്ഷേ, വില കൊടുത്തതു സാമാന്യജനങ്ങളായിപ്പോയി എന്നേയുള്ളു.
പറഞ്ഞതുപോലെ പത്തുമാസം കൊണ്ടാണു മോദി ഈ പദ്ധതി നടപ്പാക്കിയതെങ്കില്‍, സാധാരണക്കാര്‍ക്കു ബുദ്ധിമുട്ട് ഒഴിവാകുംവിധം മുന്നൊരുക്കം നടത്താമായിരുന്നു. രഹസ്യങ്ങള്‍ രഹസ്യങ്ങളായി കാത്തുകൊണ്ടുതന്നെ. ഭരണനേതൃത്വത്തിനു താത്പര്യമുള്ള ആരുടെയൊക്കെയോ കള്ളപ്പണം വെളുപ്പിക്കാന്‍ മുന്‍കൂര്‍ അവസരമുണ്ടാക്കി എന്ന ആരോപണം തെറ്റെന്നു ബോധ്യപ്പെടുകകൂടി ചെയ്യുന്നതുവരെ നോട്ടുറദ്ദാക്കലിന്റെ ദുരിതം ജനങ്ങളുടെ വേദനയാണ്.

കൈക്കൂലിക്കാരും കോഴക്കാരും ഇതുവരെ സമ്പാദിച്ചതിന്റെ നല്ല പങ്ക് പാഴ്ക്കടലാസായി മാറുന്ന സ്ഥിതിക്ക് അവര്‍ക്കിനി എല്ലാം പുതിയതായി ഉണ്ടാക്കിയെടുക്കണമല്ലോ. ഫലം കോഴ-കൈക്കൂലിനിരക്കുകളുടെ ഇരട്ടിപ്പിക്കല്‍ ആയിരിക്കുമോ. ഇടിവെട്ടിയവന്റെ തലയില്‍ ആ നാളികേരപാതം കൂടി പ്രതീക്ഷിക്കേണ്ടിവന്നേക്കും.