ചോദ്യത്തിന്റെ കാര്യത്തില്‍ സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ ഒറ്റയ്ക്കല്ല. നോട്ടുറദ്ദാക്കലില്‍ സര്‍ക്കാരിന്റെ നടപടിയെ പ്രശംസിക്കാന്‍ രജനീകാന്തിന് എന്തു യോഗ്യത എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കബാലിയുടെ യഥാര്‍ഥ കളക്ഷനും സിനിമയ്ക്കുവേണ്ടി രജനീകാന്ത് വാങ്ങിയ പ്രതിഫലവും വെളിപ്പെടുത്താന്‍ സാധിക്കുമോയെന്ന വെല്ലുവിളിയുമുണ്ട്.
ഇതേ ചോദ്യവും വെല്ലുവിളിയും മറ്റു പലരുടെയും നേരേ ഉയര്‍ന്നേക്കാം. നോട്ട് നിരോധത്തില്‍ ജനങ്ങള്‍ വലയുന്നുവെന്നു വിമര്‍ശിച്ചവരെയെല്ലാം കള്ളപ്പണത്തിന്റെ പിന്തുണക്കാരെന്നു പരിഹസിക്കുന്ന മട്ടിലാണല്ലോ നമ്മുടെ കേരളത്തില്‍ത്തന്നെ ചില ദേശസ്‌നേഹിമ്മന്യന്മാര്‍ പ്രതികരിച്ചത്.
അവരൊക്കെ അവരുടെ സമ്പാദ്യം സംബന്ധിച്ച് ആദായനികുതി വകുപ്പില്‍ കൊടുത്ത കണക്കുകള്‍ നൂറുശതമാനം സത്യസന്ധമായിരുന്നു എന്നു തെളിയിക്കാന്‍ ധൈര്യം കാട്ടട്ടെ. ഇപ്പോഴെന്നല്ല. പ്രശസ്തിയിലേക്കും ഉയര്‍ന്ന വരുമാനത്തിലേക്കും എത്തിപ്പെട്ട നാള്‍ മുതല്‍ അവര്‍ കണക്കില്‍പ്പെടാത്ത പണം കൈകാര്യം ചെയ്തിട്ടില്ലെന്നും അവരുടെ സമ്പന്നത പൂര്‍ണമായും നികുതിവിധേയമാണെന്നും പൊതുജനങ്ങളെ കണക്കും തെളിവും സഹിതം ബോധ്യപ്പെടുത്തട്ടെ. എങ്കില്‍ ഈ രാജ്യത്തോടും ജനങ്ങളോടും ചെയ്യുന്ന മഹാസേവനമായിരിക്കും അത്.
സെലിബ്രിറ്റികളായും താരങ്ങളായും ജീവിച്ചുപോരുന്ന ഇവരൊക്കെ ഇപ്രകാരം നികുതിനിയമത്തിനു പൂര്‍ണവിധേയരും സാമ്പത്തികസത്യസന്ധത തികഞ്ഞവരും ആണെന്നുണ്ടെങ്കില്‍ ആ വസ്തുത ജനങ്ങള്‍ അറിയേണ്ടതല്ലേ. അവര്‍ക്കൊരു രോമഹര്‍ഷം നിഷേധിക്കണമോ. നികുതിയടവിനായി ജനങ്ങളെ പ്രേരിപ്പിക്കാന്‍ അതിനെക്കാള്‍ ഫലപ്രദമായ പ്രചാരണ സന്ദേശം വേറെ ഏതാണുള്ളത്.
നികുതിയടവിന്റെ കാര്യത്തില്‍ തൃപ്തികരമായി പെരുമാറിയ പലരുടെയും പേരുകള്‍ ആദായനികുതിവകുപ്പു മുന്‍പു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ നോട്ടുറദ്ദാക്കലിന്റെ പേരില്‍ കൈയടി നടത്തുന്ന ആരുടെയും പേര് ആ ലിസ്റ്റില്‍ കേട്ടിട്ടില്ല.
ഇപ്പോഴത്തെ ജനദുരിതത്തിനു സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയെല്ലാം കള്ളപ്പണ പക്ഷക്കാര്‍ എന്നു മുദ്ര കുത്തുന്നത് എതിരാളീനിര്യാതനത്തിന്റെ ഒരു തന്ത്രംതന്നെയെന്നേ വരുന്നുള്ളൂ. കാരണം, പലതവണ രാജ്യംഭരിച്ച, പല പൊതുതെരഞ്ഞെടുപ്പുകള്‍ നേരിട്ടിട്ടുള്ള ഒരു പ്രമുഖ കക്ഷിയുടെ ഒരു നേതാവും ഒരിക്കല്‍പ്പോലു കള്ളപ്പണത്തില്‍ തൊട്ടിട്ടേയില്ല എന്ന് ആരും വിശ്വസിക്കാന്‍പോകുന്നില്ല. പഴയൊരു, അത്തരത്തില്‍ ആദ്യത്തെ, ഹവാല വിവാദത്തില്‍ ഉള്‍പ്പെടാത്തത് ഇടതുകക്ഷികള്‍ മാത്രമായിരുന്നു എന്നതു മറക്കേണ്ട. അവരില്ലാതെ പോകാന്‍ കാരണം, ആ കക്ഷികളൊന്നും അന്നുവരെ കേന്ദ്രഭരണത്തില്‍ പങ്കാളികളായിരുന്നില്ല എന്നതും.