ഇപ്പോള്‍ സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയനോട് ഒരു കാര്യത്തിലെങ്കിലും മതിപ്പുതോന്നുന്നു. നിരാശയും ധര്‍മരോഷവും ഉളവാക്കുന്ന ഒരു അവസ്ഥയ്‌ക്കെതിരേ യൂണിയന്‍ ശബ്ദമുയര്‍ത്തിയിരിക്കുന്നു. എന്നാല്‍, പത്രമുടമസ്ഥര്‍ ഇനിയും മിണ്ടിയിട്ടില്ല.
കോടതി റിപ്പോര്‍ട്ടിങ് എന്ന സുപ്രധാന കര്‍ത്തവ്യം കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നന്നേക്കുമായി മറന്നേക്കൂ എന്നു പറയേണ്ടുന്ന അവസ്ഥയാണിപ്പോള്‍. നിയമബിരുദമില്ലാത്തവര്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല എന്ന നിയന്ത്രണം മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍നിന്ന് അകറ്റിനിര്‍ത്തുന്ന നടപടിയാകും. കോടതിക്കാര്യങ്ങള്‍ ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കേ അതില്‍ സന്തോഷം തോന്നാനിടയുള്ളു. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന ചില ക്രിമിനല്‍ അഭിഭാഷകര്‍ക്കും.
അവരില്‍ ചിലര്‍ ഇപ്പോള്‍ത്തന്നെ പറയും, മാധ്യമപ്രവര്‍ത്തകര്‍ക്കു യോഗ്യതയില്ലാതിരുന്നതുകൊണ്ടാണ് അവരെ കോടതിയില്‍ തങ്ങള്‍ തടഞ്ഞതെന്ന്. തങ്ങള്‍ ചെയ്തതു പൂര്‍ണശരിയായിരുന്നെന്നും അവര്‍ക്കു വാദിക്കാം.ന്യായാധിപന്മാരുടെ ആശീര്‍വാദത്തോടെതന്നെ.
ജഡ്ജിമാരുടെ താത്കാലിക നിരീക്ഷണങ്ങള്‍ അന്തിമ വിധി എന്നവണ്ണം റിപ്പോര്‍ട്ട് ചെയ്തതും കോടതിവിധിയുടെ അന്ത:സത്തയ്ക്കു വിരുദ്ധമായി വാര്‍ത്തകള്‍ നല്‍കിയതും മുമ്പു ചില മാധ്യമങ്ങള്‍ക്കു സംഭവിച്ച പിശകുകളാണ്. ന്യായാസനങ്ങളെ അലോസരപ്പെടുത്തിയ അത്തരം മാധ്യമ അപാകങ്ങളാകാം പുതിയ നിയന്ത്രണങ്ങള്‍ക്കു പ്രേരണ.
പക്ഷേ, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു തടസപ്പെടുത്തിയ അഭിഭാഷകര്‍ക്കെതിരേ നടപടിയില്ലാതെ, യാദൃച്ഛികമായിട്ടായാലും ഈ തീരുമാനം വന്നത് ആഘാതകരവും ആശങ്കാജനകവും ആണ്. ജനങ്ങള്‍ ആദിയിലും അന്ത്യത്തിലും ബഹുമാനിക്കുന്ന ഉന്നത ന്യായാധിപതികളില്‍നിന്ന് പാക്ഷികപ്രഭാവമുള്ള ഇത്തരമൊന്ന് പ്രതീക്ഷിച്ചിരുന്നില്ല.

മാധ്യമപ്രവര്‍ത്തകരെ വിടുക. ന്യായാധിപന്മാര്‍ക്കുതന്നെ പിശകുകള്‍ വരാം എന്നുള്ളതു കൊണ്ടാണല്ലോ അപ്പീല്‍ക്കോടതികളും സിംഗിള്‍ ബെഞ്ചിനുമേല്‍ ഡിവിഷന്‍ ബെഞ്ചുകളും ഫുള്‍ ബെഞ്ചുകളും ഒക്കെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആ നിലയ്ക്കു വല്ലപ്പോഴും പിശകു വന്നേക്കാമെന്ന കാരണത്താല്‍ സ്വതന്ത്രമായ കോടതിറിപ്പോര്‍ട്ടിങ് വിലക്കപ്പെടാമോ.
മാധ്യമപ്രവര്‍ത്തര്‍ക്കുള്ള കോടതിനിയന്ത്രണ തീരുമാനം, എല്ലാ പക്ഷത്തെയും കേട്ട ന്യായാധിപമനസുകളുടെ വിധിയെഴുത്തല്ലെന്നും ഭരണാധിപമനസുകളുടെ ഉത്തരവാണെന്നും മനസിലാക്കുന്നതില്‍ തെറ്റുണ്ടോ എന്നറിയില്ല. എന്തായാലും ഈ ഉത്തരവിന്റെ കാര്യത്തില്‍ ഭരണാധിപ മനസുകള്‍ക്കുമേല്‍ ന്യായാധിപമനസുകള്‍ ആധിപത്യം സ്ഥാപിക്കുകതന്നെ വേണം.
കോടതിവാര്‍ത്തകള്‍ തടസമില്ലാതെ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കു നിഷേധിക്കുന്നത് പത്രങ്ങള്‍ക്കു മസ്സല്‍ കെട്ടുന്നതുപോലെ തന്നെ ദോഷകരമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ലല്ലോ.