പുതിയ നോട്ടുകള്‍ പ്രസില്‍ നിന്ന് വിതരണ കേന്ദ്രങ്ങളിലെത്തിക്കാന്‍ വ്യോമസേനയെ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിലൂടെ പണമെത്തിക്കാനുള്ള കാലതാമസം 21 ദിവസത്തില്‍ നിന്ന് ആറ് ദിവസമായി കുറക്കാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഹെലിക്കോപ്റ്ററുകളും വ്യോമസേന വിമാനങ്ങളുമടക്കം സാധ്യമായ എല്ലാ വ്യോമയാന മാര്‍ഗങ്ങളും ഉപയോഗിക്കാനാണ് കേന്ദ്ര തീരുമാനം. നഗരപ്രദേശങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും എത്രയും വേഗം പണമെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നഗരങ്ങളില്‍ അടുത്ത ആഴ്ച്ചയോടെ സ്ഥിതിഗതി സാധാരണ നിലയിലാകുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രതിസന്ധി മറികടക്കാന്‍ ജനുവരി 15 വരെ സമയം എടുക്കുമെന്നാണ് ഉന്നത സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.