സംശയിക്കേണ്ട, സര്‍വ ഇന്ത്യക്കാര്‍ക്കും-നേതാക്കള്‍ക്കും നീതര്‍ക്കും- ഒരു നിമിഷവും പാഴാക്കാതെ ഓണ്‍ലൈന്‍ ചാറ്റ് ഭാഷയില്‍ ലോല്‍ (എല്‍ഒഎല്‍) എന്നു പറഞ്ഞ് ഉറക്കെ ചിരിച്ചുതള്ളാന്‍ ഒരു പാക് സ്‌നേഹപ്രകടനം. ചിരിക്കിടയിലും അതിന്റെ ഗൗരവം കാണാതെ പൊയ്ക്കൂടെന്നു മാത്രം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീവ്രവാദ നിലപാടുകള്‍ക്കെതിരേ പ്രതികരിക്കണമെന്ന് ഇന്ത്യക്കാരോട് അഭ്യര്‍ഥിക്കുമത്രെ പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ആ ദേഹത്തിന്റെ അഭ്യര്‍ഥന വന്നാലുടന്‍ സര്‍വ ഇന്ത്യക്കാരും നരേന്ദ്ര മോദിക്കെതിരേ പ്രതികരിക്കാന്‍ ഇറങ്ങുമല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ആശങ്ക. മോദിയോടു സഹതാപം. വീണ്ടും പറയാം, ലോല്‍!
തീര്‍ന്നില്ല, പ്രഖ്യാപനം. ഇന്ത്യയില്‍ മോദിയുടെ തീവ്രനയങ്ങളെ പ്രതിഷേധിക്കുന്നവര്‍ക്ക് ആ പ്രഥമപുരുഷന്‍ പിന്തുണ നല്‍കുകയും ചെയ്യുമത്രെ. ഭാരതത്തിലേക്കു കള്ളനോട്ടും ഭീകരതയും കയറ്റിവിടുന്നു എന്ന് സകാരണം ആരോപിക്കപ്പെടുന്നൊരു രാജ്യത്തെ സുരക്ഷാ മേല്‍നോക്കികളില്‍ ഒരാളുടെ ഔദാര്യം. ഇതുവരെ ആ രാജ്യം ഇന്ത്യയോട് അങ്ങനെയൊന്നും ചെയ്തിട്ടേയില്ലാത്തതുപോലെ.(വീണ്ടും എല്‍ഒഎല്‍!)
അങ്ങനെയൊരു പാക്കിസ്ഥാന്‍ മേനായകന്റെ പിന്തുണ മനസാ വാചാ കര്‍മണാ സ്വീകരിക്കുന്ന ഏതെങ്കിലുമൊരു ഇന്ത്യക്കാരനെ ഇന്ത്യക്കാരന്‍ എന്നു വിളിക്കുമോ പിന്നെ. 125കോടിയിലേറെ ജനങ്ങളെ, കാലാവസ്ഥ മുതല്‍ കാഴ്ചപ്പാട് വരെ സര്‍വതിലും നിരവധി വൈവിധ്യങ്ങളുള്ള മഹാ ജനസമൂഹത്തെ ഭദ്രതയോടെ നിലനിര്‍ത്തുന്നുണ്ട് ഇന്ത്യന്‍ ജനാധിപത്യം. സ്വന്തം മണ്ണില്‍ ആരോഗ്യം തികഞ്ഞൊരു ജനാധിപത്യകാലം കാണാന്‍ കഴിയാത്ത, പട്ടാളവിപ്ലവവും തീവ്രവാദികളുടെ തിരിച്ചടിയും സദാ പേക്കിനാവു കാണുന്ന ഒരു കൂട്ടം ദുര്‍ബല നേതാക്കളുടെ ദുര്‍ബല പാക്കിസ്ഥാന്റെ വകയായി ഇന്ത്യന്‍ ജനതയെ തമ്മിലടിപ്പിക്കാന്‍ ഷണ്ഡന്റെ ബലാല്‍സംഗ ശ്രമം പോലൊരു ശ്രമം .
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനസാമാന്യം സമാധാനം കാംക്ഷിക്കുന്നവരാണ്. പക്ഷേ, മതാധിഷ്ഠിതമായ ഇന്ത്യാവിരുദ്ധത, ഇന്ത്യയോടുള്ള തീവ്രവിദ്വേഷവം എന്നീ ജന്മപാപങ്ങളുമായി പാക്കിസ്ഥാന്‍ രാഷ്ട്രത്തെ പിറപ്പിച്ച നേതാക്കളുടെ പിന്‍മുറകള്‍ക്ക് സമാധാനവുമായി എന്തു ബന്ധം എന്നു ചോദിക്കാന്‍ തോന്നുന്നതു വിദ്വേഷം കൊണ്ടല്ല. പാക്കിസ്ഥാനെ വിശ്വസിക്കാമെന്നു കരുതുന്ന കുറെപ്പേരും ചൈനയെ വിശ്വസിക്കാമെന്നു കരുതുന്ന വേറെ കുറെപ്പേരും നമ്മുടെ രാജ്യത്തുണ്ട്. ആദ്യത്തെ കൂട്ടര്‍ക്കു ചൈനയോടോ രണ്ടാമത്തെ +വേറെ+ കുറെപ്പേര്‍ക്കു പാക്കിസ്ഥാനോടോ പ്രത്യേകിച്ചു പ്രതിപത്തിയൊന്നുമില്ല. ഇന്ത്യയിലെ ബഹുഭുരിപക്ഷം വരുന്ന സാധാരണക്കാരാകട്ടെ, ഇന്ത്യക്ക് ഒരുകാലത്തും വിശ്വസിക്കാന്‍ കൊള്ളാത്തവയാണ് ഈ രണ്ടു രാജ്യങ്ങളും എന്നു വിശ്വസിക്കുന്നവര്‍.
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ നയങ്ങളോടോ നടപടികളോടോ ഇന്ത്യയിലെ ജനങ്ങള്‍ക്കു വിയോജിപ്പുണ്ടെങ്കില്‍ അത് ഇവിടത്തെ ആഭ്യന്തരകാര്യം. അവിടേക്ക് ഒരു പാക് സഹായം തള്ളിനോക്കാന്‍ ശ്രമിച്ച മഹാവിരുതന്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല എന്നതു വാസ്തവം. എങ്കിലും നമ്മുടെ നേതാക്കളില്‍നിന്നുള്ള ഒരു ചുട്ട മറുപടിയുടെ കുറവ് ആ പാക് വിദ്വാനു തീര്‍ച്ചയായും ഉണ്ട്.