പറഞ്ഞതു ഡോണള്‍ഡ് ട്രംപ് ആണെന്നു കരുതി മുന്‍വിധി പാടില്ല. ക്യൂബയുടെ അന്തരിച്ച നേതാവ് ഫിഡല്‍ കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയായിരുന്നു എന്ന ട്രംപിന്റെ വാക്കുകള്‍ പരിഹസിച്ചുതള്ളാന്‍ വരട്ടെ. കാരണം, അങ്ങനെയല്ലാതെ ഒരു കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-മാര്‍ക്‌സിസ്റ്റ് സമഗ്രാധിപതിയും ലോകത്തു നിലനിന്നിട്ടില്ലല്ലോ.
തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്ന ഇന്ത്യന്‍ മാതൃക ഗിന്നസ് ബുക്ക് യാഥാര്‍ഥ്യംപോലെ എടുത്തുപറയപ്പെടുമ്പോള്‍ അതിന്റെ മറുപുറത്തെ അര്‍ഥം ഇങ്ങനെയാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ ഇത്തരം ഭരണാധികാരികള്‍ക്ക് അധികാരത്തിലെത്താനോ എത്തിയാല്‍ത്തന്നെ, സ്വതന്ത്രസമൂഹത്തില്‍ ആയുഷ്‌കാലം മുഴുവന്‍ ജനങ്ങളെ തങ്ങള്‍ വരച്ച വട്ടത്തില്‍ നിര്‍ത്തി ഏകാധിപതികളായി വാഴാനോ കഴിയുകയില്ല എന്ന്.
അധികാരത്തിലെത്താന്‍ ആയുധമുപയോഗിച്ച കാസ്‌ട്രോ അധികാരം, സമഗ്രാധികാരം നിലനിര്‍ത്താനും ആയുധം ഉപയോഗിച്ചു. സേനയെ ഉപയോഗിച്ചു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു താന്‍ വിശ്വസിച്ചതുകൊണ്ട് ക്യൂബന്‍ ജനത മുഴുവന്റെയും മേല്‍ ആ വിശ്വാസം അടിച്ചേല്‍പ്പിച്ചു. സോവ്യറ്റ് യൂണിയനിലെയും ചൈനയിലെയും മറ്റു കമ്യൂണിസ്റ്റ് സര്‍വാധിപത്യ രാജ്യങ്ങളിലെയും ഭരണാധികാരികളെപ്പോലെ കാസ്‌ട്രോയും എതിരാശയക്കാരെയും അവിശ്വസ്തരെന്നു കരുതിയവരെയും ആവശ്യാനുസരം ഉന്മൂലനംചെയ്തു.
അമേരിക്കയുടെ തിന്മകളെ ന്യായീകരിക്കേണ്ടതില്ല എന്നതുപോലെ തന്നെയാണ് അമേരിക്കയുടെ വധശ്രമങ്ങളെ അതിജീവിച്ച ഹീറോയിസത്തിന്റെ പേരില്‍ കാസ്‌ട്രോയെ എല്ലാം തികഞ്ഞ വിശുദ്ധ മഹാനായി വാഴ്‌ത്തേണ്ടതില്ല എന്ന കാര്യവും. ടീഷര്‍ട്ടില്‍ പടമടിച്ച് പലരും ആരാധിക്കുന്ന ചെ ഗുവേര എന്ന ബൊളിവിയന്‍ സമരനായകനെ ധീര രക്തസാക്ഷിയായല്ലാതെ, ഒരിക്കല്‍ കാസ്‌ട്രോയുടെ ഫയറിങ് സ്‌ക്വാഡുകളില്‍ പലതിനും പിന്നിലുണ്ടായിരുന്ന സഹകാരിയായി അറിയുന്നവരത്രെ? ഫിഡലിന്റെ സഹോദരന്‍ റൗള്‍ കാസ്‌ട്രോയുടെ കരങ്ങളും ചോരയില്‍ മുങ്ങിയവയാണെന്ന് എത്ര പേര്‍ മനസിലാക്കുന്നു? ഇരകളെ ഫയറിങ് സ്‌ക്വാഡിനു മുന്നിലേക്കു തള്ളാന്‍ കോടതിത്തെളിവൊന്നും ആവശ്യമില്ലെന്നും അതൊക്കെ ബൂര്‍ഷ്വാ അനാവശ്യങ്ങളെന്നും ചെഗുവേര പറഞ്ഞതായി വായിച്ചിട്ടേയുള്ളു. നേരിട്ടറിവില്ല.
സ്വാതന്ത്ര്യം നിഷേധിച്ചിട്ടു രാജ്യത്തിനു കുറെ ഭൗതികവളര്‍ച്ച സാധ്യമാക്കുന്നതു മഹത്തായ കാര്യമെന്നു കരുതുന്നവര്‍ക്കു കാസ്‌ട്രോയെ എന്തുകൊണ്ടും വാഴ്ത്താം.
നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ കമ്യൂണിസ്റ്റുകളെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കുകയും തോല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ചെയ്യുന്നുണ്ട്. അതു സംഭവിക്കുന്നത് നാടിന്റെ സമ്പ്രദായം കമ്യൂണിസ്റ്റാധിപത്യമല്ല, സ്വതന്ത്രമായ ജനാധിപത്യമാണ് എന്നതുകൊണ്ടു മാത്രം. അങ്ങനെയെങ്കില്‍, സമഗ്രാധിപതികളുടെ പക്ഷവര്‍ത്തികള്‍ക്കു മാത്രം ഒന്നാം നമ്പര്‍ പൗരത്വമുള്ള സമൂഹങ്ങളില്‍ കാസ്‌ട്രോയെപ്പോലുള്ള നേതാക്കള്‍, തോല്‍വിയും പുറത്താകലും ഇല്ലാതെ സര്‍വാധിപത്യത്തോടെ ആയുഷ്‌കാലം നില നിന്നതിന്റെ കാരണം വ്യക്തമല്ലേ. സ്വാതന്ത്യവും ബഹുകക്ഷി ജനഹിതാധിപത്യവും തെരഞ്ഞെടുപ്പും അനുവദിക്കാതെ സൈന്യത്തെയും പോലീസിനെയും ഉന്മൂലകസംഘങ്ങളെയും ഉപയോഗിച്ച് എതിരാളികളെ വേട്ടയാടി ഭയാധിപത്യം നടപ്പാക്കിയതുകൊണ്ടെന്ന്.