ചരിത്രത്തില്‍ വിസ്മയകരമായ ഇടം പിടിച്ച നേത്രിയായി ജയലളിത മണ്‍മറയുമ്പോള്‍ ആ ദേഹവിയോഗം അനുയായികളിലും ആരാധകരിലും മാത്രമല്ല, നമ്മളിലെല്ലാം ഏറിയോ കുറഞ്ഞോ വിയോഗദുഃഖം ഉളവാക്കുന്നുണ്ട്. കളങ്കമേശാത്ത നേത്രി എന്ന വിശേഷണമൊന്നും അവര്‍ ആര്‍ജിച്ചിരുന്നില്ല. എങ്കിലും താന്‍ പാര്‍ക്കുകയും ജീവിക്കുകയും ചെയ്ത ലോകത്തും കാലത്തും അനന്യമായ പ്രഭാവം ചെലുത്താന്‍ അവര്‍ക്കു കഴിഞ്ഞു.
തമിഴ് നാട്ടില്‍ അവരെ സ്‌നേഹിച്ചിരുന്നവരുടെ ദുഃഖവും വികാരപ്രകടനങ്ങളും കാണുമ്പോള്‍ ഒരു ചോദ്യം. അവരുടെ അന്ത്യയാത്രാവേള വീക്ഷിക്കുന്നവരുടെ എണ്ണം ലോക റെക്കോഡ് ആകുമോ. അറിഞ്ഞുകൂടാ. ഇപ്പോഴാ റെക്കോഡ് ഡിഎംകെ എന്ന അവിഭക്ത ദ്രാവിഡപാര്‍ട്ടിയുടെ പ്രഥമ അംഗവും പ്രഥമ നേതാവുമായിരുന്ന സി.എന്‍.(കാഞ്ചീവരം നടരാജന്‍) അണ്ണാദുരൈയുടെ പേരിലാണ്. മുഖ്യമന്ത്രിയായിരിക്കെ 1969 ഫെബ്രുവരി മൂന്നിന് അന്തരിച്ച അണ്ണാദുൈരയ്ക്ക് അന്ത്യാദരവുമായി ഒന്നരക്കോടിയോളം ജനങ്ങള്‍ നിരത്തുകളിലുണ്ടായിരുന്നു എന്നാണു ഗിന്നസ് ബുക്ക് പറയുന്ന കണക്ക്. (ഒരുകോടിക്കും ഒന്നരക്കോടിക്കും ഇടയിലെന്നു സുരക്ഷിതമായ കണക്കുകൂട്ടല്‍ വെറെയുണ്ട്.)
തമിഴ്‌നാട്ടിലെ ജനസംഖ്യ ഏകദേശം നാലുകോടി ആയിരുന്ന കാലത്തെ കണക്കാണിത്. തമിഴക ജനസംഖ്യ ഇപ്പോള്‍ എട്ടുകോടിയോളമായി ഇരട്ടിച്ചിട്ടുണ്ടെങ്കിലും അണ്ണാദുരൈയുടെ അന്ത്യദിന റെക്കോഡ് മായണമെന്നില്ല. കാരണം ടിവിയുടെ സാര്‍വത്രിക സാന്നിധ്യം. ഇപ്പോള്‍ ഗ്രാമങ്ങളില്‍വരെയും ആളുകള്‍ക്കു ടിവിയിലൂടെ എല്ലാം വിശദമായി കാണാന്‍ കഴിയുമല്ലോ. നിരത്തിലിറങ്ങിയവര്‍ക്ക് നേരിട്ടു കാണാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍, അവര്‍ക്കുവേണ്ടിക്കൂടി വന്‍ ടിവി സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ടാകാം.
ഒരുവിധത്തില്‍, അണ്ണാദുരൈ എന്ന ദ്രാവിഡ നേതാവിന്റെ ചങ്കൂറ്റത്തിന്റെയും തമിഴ്-തമിഴക സ്‌നേഹത്തിന്റെയും പൈതൃകസമ്പാദ്യത്തില്‍ ഒരംശമാണു ജയലളിതയും ആസ്വദിച്ചത്. അണ്ണാദൂരൈ സ്ഥാപിച്ചുവളര്‍ത്തിയ പാര്‍ട്ടിയില്‍നിന്നു കരുണാനിധിയോടുള്ള വിയോജിപ്പാല്‍ അടര്‍ന്നുമാറിയശേഷം എംജിആര്‍ രൂപം നല്‍കിയതാണ് എഐഎഡിഎംകെ എന്ന എഡിഎംകെ. ആ കക്ഷിയെ അടക്കിഭരിക്കാന്‍ മാത്രം ജനങ്ങളുടെ ഹൃദയം കവരാന്‍ ജയലളിതയ്ക്കു സാധിച്ചത് എംജിആറിന്റെ കാമിനി എന്ന നിലയ്ക്കുതന്നെയാണ്. എംജിആറിന്റെ ഭാര്യയിലല്ല, കാമിനിയിലാണ് തമിഴ്ജനത അദ്ദേഹത്തിന്റെ രാഷ്ട്രീയപിന്തുടര്‍ച്ച കണ്ടതും അംഗീകരിച്ചതും.
മുട്ടയില്‍നിന്നു വിരിഞ്ഞ കുഞ്ഞ് തള്ളപ്പക്ഷിക്കൊപ്പമോ അതിനെക്കാളോ വളരുന്നതുപോലെ പാരമ്പര്യത്തിന്റെ തറയില്‍നിന്നുകൊണ്ടു സ്വന്തം നിലയ്ക്ക് ചരിത്രനായികമാരില്‍ ഒരാളായി, ജനങ്ങളെ സ്‌നേഹിച്ച ജനനായികയായി ഉയരാന്‍ ജയലളിതയ്ക്കു കഴിഞ്ഞത് അവരുടെ തനതുനേട്ടം. അവരുടെ മേല്‍ ജനങ്ങള്‍ ചൊരിയുന്ന ആദരവും സ്‌നേഹവും വിസ്മയം ജനിപ്പിക്കുമ്പോള്‍, സഹായത്തിനു വരുന്നത് തത്ത്വചിന്തയുടെ സ്പര്‍ശമുള്ള പ്രശസ്ത ചരിത്രമൊഴി-രാജാവ് നാടുനീങ്ങി, രാജാവു നീണാള്‍ വാഴട്ടെ!
1422ല്‍ ഫ്രാന്‍സിലെ ചാള്‍സ് ആറാമന്‍ അന്തരിച്ചതിനൊപ്പം പുത്രന്‍ ചാള്‍സ് ഏഴാമന്‍ സിംഹാസനമേറുന്നു എന്നറിയിച്ചുള്ള ഫ്രഞ്ച് മൊഴിയായിരുന്നല്ലോ ലെ റ്ഹ്വായ് ഇ മോ വീവ് ല റ്ഹ്വായ്. (ഫ്രഞ്ച് ഉച്ചാരണത്തിലെ ന്യൂനത ക്ഷമിക്കുക). അതിന്റെ ഇംഗ്ലീഷ് പരിഭാഷ ദി കിങ് ഈസ് ഡെഡ്, ലോങ് ലിവ് ദി കിങ് നമുക്കും പരിചിതമായി.
പക്ഷേ, നമുക്കിപ്പോള്‍ അതുപോലെ, രാജ്ഞിമരിച്ചു, രാജാവു നീണാള്‍ വാഴട്ടെ എന്നു പറയാന്‍ കഴിയുമോ. രാജഭരണമില്ല എന്നതല്ല പ്രശ്‌നം. പുതിയ രാജാവു നീണാള്‍ വാഴുമോ എന്ന രാഷ്ട്രീയ സംശയമാണ്. ജയലളിതയ്ക്കു പിന്‍ഗാമിയായി മുഖ്യമന്ത്രിസ്ഥാനമേറ്റ പനീര്‍ശെല്‍വവും പിന്തുണക്കാരും ജയലളിതയുടെ പാരമ്പര്യാവകാശം നിലനിര്‍ത്താന്‍ പ്രാപ്തരാകുമോ എന്ന സന്ദേഹം.
ഒരുപക്ഷേ, ജയലളിതയ്ക്കു പകരം ജയലളിതയേയുള്ളു എന്നതുകൊണ്ടു മാത്രമാകാം ഈ സംശയം.
ആര്‍ക്കും ശേഷം ചരിത്രത്തില്‍ പ്രളയമുണ്ടായിട്ടില്ല എന്നതൊരു മഹാസത്യമാണ്. കോരിമാറ്റിയതു കൈക്കുമ്പിളിലായാലും പാത്രത്തിലായാലും ജലപ്പരപ്പില്‍ ശൂന്യത അവശേഷിക്കാറില്ല. എങ്കിലും സമകാലികരുടെ ഹൃദയങ്ങളില്‍ ഏറെ നാളത്തേക്ക് വിയോഗദുഃഖത്തിന്റെ തീണ്ടല്‍ അവശേഷിക്കും.
ജയലളിതയ്ക്ക് അന്ത്യാദരം അര്‍പ്പിക്കാന്‍ നേതൃനിര വടക്കുനിന്നെത്തുമ്പോള്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും ഓര്‍മിക്കാന്‍ ഒന്നുണ്ട്. ഹിന്ദിയുടെ ആധിപത്യശ്രമത്തെ അതിശക്തമായി നേരിട്ടു തമിഴ് ഭാഷയ്ക്ക് അതുവഴി തമിഴര്‍ക്ക്, ദ്രാവിഡജനതയ്ക്ക് അഭിമാനമുറപ്പിച്ചതിന്റെ പേരിലാണ് അറിജ്ഞര്‍ അണ്ണായെ സ്വജനത അത്രയും സ്‌നേഹിച്ചാരാധിച്ചത്. അണ്ണാദുരൈയെ കണ്ണിലെ കരടായി കണ്ട പലര്‍ക്കും വര്‍ഷങ്ങളേറെ കഴിഞ്ഞപ്പോള്‍, ദ്രാവിഡത്തനിമയെ നയിച്ച ജയലളിത സ്വീകാര്യയായതു നല്ല കാര്യം. എന്തൊക്കെ ആക്ഷേപങ്ങളും ആരോപണങ്ങളും അവര്‍ക്കെതിരേ ഉണ്ടെന്നാലും, തമിഴക ജനതയില്‍ ജയലളിത സൃഷ്ടിച്ച ആദരവും പ്രിയവും വിസ്മയകരമാണ്. ആ ജനതയുടെ വൈകാരികസവിശേഷത കൊണ്ടാകാമെങ്കിലും ചരിത്രത്തില്‍ ചുരുക്കം നേതാക്കള്‍ക്കും നേത്രികള്‍ക്കുമേ അതിനു കഴിഞ്ഞിട്ടുള്ളൂ.