നമ്മുടെ പോലീസും അധികൃതര്‍ സര്‍വരും കണ്ടുപഠിക്കട്ടെ, അബുദാബി പോലീസിന്റെ ഈ മാതൃക. വേണമെങ്കില്‍ അല്‍പ്പമൊന്നു ലജ്ജിക്കുകയും ചെയ്യട്ടെ.
ഗതാഗതനിയമ ലംഘനം കണ്ടെത്താന്‍ മൊബൈല്‍ ക്യാമറകള്‍ വച്ചിട്ടുള്ള സ്ഥലങ്ങളും ക്യാമറകളുടെ പ്രവര്‍ത്തനസമയവും അടക്കം കൃത്യവിവരങ്ങള്‍ വെബ്‌സൈറ്റ് വഴി ജനങ്ങളെ അറിയിക്കുകയാണ് അബുദാബി പോലീസ്. ഇവിടത്തെ പോലീസിന്റെ കാര്യമോര്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്ത.
നിയമങ്ങള്‍ പാലിച്ചു വാഹനമോടിക്കാന്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കുകയാണ് ഇതിലൂടെ അവിടത്തെ പോലീസ് ലക്ഷ്യമിടുന്നത്. അതു നിയമത്തിന്റെ സത്യസന്ധത. നിയമപാലകരുടെയും. കാരണം, നിയമം എന്നതു ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഉപാധിയാണെന്നാണു ജനാധിപത്യം സമാഗതമായിട്ടില്ലാത്ത നാട്ടിലെ പോലും പോലീസ് കരുതുന്നത്. എന്നാല്‍, ഇവിടെയോ?
നിയമം എന്നത് ആരെയൊക്കെയോ കെണിവച്ചു പിടിക്കാനുള്ള ഏര്‍പ്പാടാണെന്ന ധാരണ തലയില്‍ അടിച്ചുകയറ്റിയവരാണു നമ്മുടെ അധികാരികളെന്നു തോന്നും. അങ്ങനെ പറയാന്‍ രണ്ടോ മൂന്നോ ഉദാഹരണങ്ങള്‍ മതി. ആദ്യം മൊബൈല്‍ ക്യാമറകളുടെ കാര്യമെടുക്കാം.
നിവൃത്തിയുണ്ടെങ്കില്‍ ക്യാമറ വച്ചിട്ടുണ്ടെന്ന കാര്യം ഒരു ഡ്രൈവറും അറിയരുതെന്നും കഴിയുന്നത്ര പേര്‍ പിഴയൊടുക്കത്തക്ക വിധത്തില്‍ കുടുങ്ങണമെന്നുമാണു നമ്മുടെ പോലീസിന്റെ മനോഭാവം. മറിച്ചു സ്പീഡ് നിയന്ത്രണം നടപ്പാകണം എന്ന ലക്ഷ്യമാണുള്ളതെങ്കില്‍, മൊബൈല്‍ ക്യാമറ എന്ന സൂചന പാതയില്‍ പലേടത്തായി തുടരെ നല്‍കുകയല്ലേ വേണ്ടത്. ഓരോ സൂചനയും ഡ്രൈവര്‍മാരെ ജാഗരൂകരാക്കി അപകടസാധ്യത കുറയ്ക്കുമെന്നു പ്രതീക്ഷിക്കേണ്ടതല്ലേ.
ജര്‍മനിയിലാണെന്നു തോന്നുന്നു, വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കാനായി പാതയോരത്തു പോലീസിന്റെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. അവിടെയും അധികതരുടെ അന്തിമലക്ഷ്യം യാത്രക്കാരുടെ സുരക്ഷിതത്വമാണ്. പരമാവധി ഡ്രൈവര്‍മാരെ കുടുക്കി പിഴയടപ്പിക്കുക എന്നതല്ല. പക്ഷേ, നിയമം കാപട്യമില്ലാതെ, അത്തരം കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഡ്രൈവര്‍മാരെ കുടുക്കി എന്ന സംതൃപ്തി ലഭിക്കാന്‍ വകയില്ലാതെ പോയാലോ!
നിയമത്തിന്റെ കള്ളലാക്കിനു മറ്റൊരുദാഹരമാണു പോലീസ്, വളവിലും തിരിവിലും പതുങ്ങിക്കിടന്ന്, ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാത്തവരെ പിടികൂടുന്ന രീതി. യു-ട്യൂബിലെ വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നതുപോലെ, സിംഹവും കടുവയുമൊക്കെ പാത്തും പതുങ്ങിയും നിന്ന് ഇരകളെ പിടിക്കുന്ന തരത്തിലുള്ള വന്യമായ ഏര്‍പ്പാട്.
ഇതു പറയാന്‍ കാരണം, നമ്മുടെയിടയില്‍ പിഴയീടാക്കപ്പെടുന്ന ഗതാഗത നിയമലംഘനങ്ങളൊന്നുംതന്നെ സാധാരണനിലയ്ക്കു ക്രിമിനല്‍ വാസനയുടെ ഫലമല്ല എന്നതാണ്. അതു സാധാരണക്കാരുടെ ജാഗ്രതക്കുറവിന്റെയും അലംഭാവത്തിന്റെയും മാത്രം ഉദാഹരണങ്ങളാണ്. അവ ഒഴിവാക്കപ്പെടണമെന്നല്ലാതെ അതിനുത്തരവാദികള്‍ സമൂഹത്തില്‍ സ്വതന്ത്രജീവിതം അര്‍ഹിക്കാത്തവരാണ് എന്നു കരുതുന്നത് ഹിംസാത്കമാണ്.
പക്ഷേ, നമ്മുടെ പോലീസ് സമ്പ്രദായം അങ്ങനെയാണു കരുതുന്നതെന്നു തോന്നും. ഹെല്‍മറ്റ് ധരിക്കാത്തവരെ ക്രിമിനലുകളായി കണക്കാക്കണമെന്നു നിര്‍ദേശിച്ച ഒരുന്നത വനിതാ പോലീസ് അധികാരി ഇപ്പോഴും നമ്മുടെ നാട്ടില്‍ സര്‍വീസിലുണ്ടല്ലോ.
റോഡില്‍ ഹംപുകള്‍ പണിയുന്നത് വേഗം കുറയ്ക്കാനും വാഹനാപകടങ്ങള്‍ ഒഴിവാക്കാനുമാണെന്നു നമ്മള്‍ കരുതുന്നുണ്ടാകും. എന്നാല്‍, മുന്നറിയിപ്പോ സൂചനകളോ ഇല്ലാത്തതും ഉയരം സംബന്ധിച്ച നിബന്ധന പാലിക്കാത്തതുമായ ഹംപുകള്‍ അപകടം ഉണ്ടാക്കുന്നതില്‍ നിയമത്തിനും അധികൃതര്‍ക്കും യാതൊരു വേവലാതിയുമില്ല. അതുകൊണ്ടുതന്നെ, നമ്മുടെ നാട്ടിലെ ഒരുപാതയിലും ഒരു ഹംപിനുംമുന്നില്‍ ഹംപ് എന്നൊരു സൂചന ഉണ്ടാകാതിരിക്കാന്‍ നിരത്തിന്റെ അധികൃതര്‍ പ്രത്യേകം ശ്രദ്ധ വച്ചിട്ടുള്ളതുപോലെ തോന്നും.
ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് ബൈക്ക് യാത്രക്കാരുടെ തല സംരക്ഷിക്കാനാണെന്നു വിശ്വസിക്കുന്നതുകൊള്ളാം. എന്നാല്‍, ഹെല്‍മറ്റില്ല എന്നതിന്റെ പേരില്‍ അതേ തലകള്‍ തല്ലിപ്പൊളിക്കാനും നിയമപാലകരില്‍ പലര്‍ക്കും വിഷമമില്ലെന്ന കാര്യം മറക്കേണ്ട.
ഇങ്ങനെ നിയമലംഘിച്ചു നിയമം നടപ്പാക്കാനും അരക്ഷിതത്വം സൃഷ്ടിച്ചു സുരക്ഷിതത്വം അടിച്ചേല്‍പ്പിക്കാനും കള്ളത്തരംകൊണ്ടു ജനങ്ങളെ നേര്‍വഴിക്കു നടത്താനും ശ്രമം നടത്തുന്ന അധികാരിസമ്പ്രദായം വേറെ വല്ലേടത്തും ഉണ്ടാകുമോ ആവോ.
അബുദാബി പോലീസിന്റെ നീക്കം നമ്മുടെ അധികാരികളെ മാറിച്ചിന്തിപ്പിക്കുമോ എന്നു പ്രത്യാശയോടെ നോക്കിയിരിക്കാം.