മൂന്നു കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിക്കുന്നു.  ഒന്ന് നോട്ട് റദ്ദാക്കലിന്റെ പേരിലുള്ള ജനദുരിതം. രണ്ട്, നോട്ട് റദ്ദാക്കലിന്റെ സാധുത ഉറപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം. മൂന്ന്, വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവരാണു പാര്‍ലമെന്റിലെ പ്രതിപക്ഷ വിമര്‍ശകരെന്ന് ആക്ഷേപിച്ചത്.
കള്ളപ്പണവും കള്ളനോട്ടും സാമ്പത്തികതിന്മകളാണെന്ന് അംഗീകരിക്കുന്നവര്‍, അവ ഇല്ലാതാക്കുകയെന്ന മോദിയുടെ ലക്ഷ്യത്തിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യുന്നില്ല. എന്നാല്‍, അവര്‍ക്കും മോദിയുടെ ഏകപക്ഷീയവും സ്വയംകേന്ദ്രീകൃതവുമായ അധികാരപ്രയോഗം അകല്‍ച്ചയുളവാക്കുന്നു.
അഞ്ചാഴ്ചയായി രാജ്യമെമ്പാടും ജനങ്ങള്‍ അനുഭവിക്കുന്നതും എന്നു തീരുമെന്നു തീര്‍ച്ചയില്ലാത്തതുമായ ദുരിതം യഥാര്‍ഥമാണെന്ന് അറ്റസ്റ്റ് ചെയ്യാന്‍ മോദിയോ കൂടെയുള്ളവരോ തയാറല്ലെങ്കിലും വസ്തുത ഇല്ലാതാകുന്നില്ല. മതിയായ മുന്‍കരുതല്‍ എടുത്തില്ല എന്ന വീഴ്ചയെ നീതീകരിക്കാന്‍ രഹസ്യപാലന ന്യായം മാത്രം മതിയാകുമോ. നോട്ടു റദ്ദാക്കല്‍ സംബന്ധിച്ച കണക്കുകളിലെ പൊരുത്തക്കേടുകളും അവ തെളിയിക്കുന്ന പാളിച്ചകളും ദൂരൂഹതകളായി അവശേഷിക്കുകയാണ് ഇപ്പോഴും.
താന്‍ ചെയ്യുന്നതിന്റെ നിയമസാധുത പോലും ഉത്തരവാദിത്വപൂര്‍വം ഉറപ്പുവരുത്തിയിട്ടല്ല, മോദി നോട്ടു റദ്ദാക്കല്‍ പ്രഖ്യാപിച്ചത് എന്നതിന്റെ തെളിവല്ലേ നിയമഭേദഗതിക്കുള്ള നീക്കം. അതു മോദി സ്വയം പഴി ചുമത്തുന്നതിനു തുല്യമല്ലേ.
നോട്ട് റദ്ദാക്കല്‍ പ്രശ്‌നത്തില്‍ പാര്‍ലമെന്റിലെത്തി വിശദീകരണം നല്‍കാന്‍ തയാറാകാതിരുന്ന മോദിക്കു നഷ്ടപ്പെട്ടതു ജനാധിപത്യമുഖച്ഛായയാണ്. ആ സമീപനത്തിന്റെ കൂടുതല്‍ മോശപ്പെട്ട തുടര്‍ച്ചയാണു പാര്‍ലമെന്റില്‍ പ്രതിഷേധിച്ചവരെ, ജനങ്ങള്‍ തള്ളിയവരെന്നാക്ഷേപിച്ചത്. അവരോടുള്ള പുച്ഛമാണോ പാര്‍ലമെന്റിനോടു മോദി കാട്ടുന്ന വിരാഗത്തിന്റെ അടിസ്ഥാനം?
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിസ്ഥാനം മാത്രം വഹിച്ചിട്ടുള്ള താന്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ എല്ലാ സ്ങ്കീര്‍ണപ്രശ്‌നങ്ങളും ഒറ്റയടിക്കു മനസിലാക്കാനും പരിഹരിക്കാനും പോന്നവനെന്ന അബദ്ധധാരണ മോദിക്കില്ലെന്നു വിശ്വസിക്കട്ടെ. എങ്കിലും, ലോക്‌സഭയില്‍ തനിക്കും തന്റെ പാര്‍ട്ടിക്കും ലഭിച്ച വന്‍ഭൂരിപക്ഷം അദ്ദേഹത്തെ എളിമയില്‍നിന്ന് അകറ്റിക്കളഞ്ഞോ എന്നു സംശയിക്കണം.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടശേഷം 1984ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 404 ലോക്‌സഭാസീറ്റുകളോടെയാണു രാജീവ് ഗാന്ധി അധികാരത്തിലെത്തിയത്. അന്നു 30 സീറ്റ് നേടിയ തെലുങ്കുദേശം പാര്‍ട്ടിക്കു(4.3) ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ജനകീയവോട്ട് (7.4%) രണ്ടു സീറ്റ് മാത്രം ലഭിച്ച ബിജെപിക്കായിരുന്നു എന്നത് സീറ്റെണ്ണം മാത്രമല്ല ദേശീയ ജനകീയതയുടെ മാനദണ്ഡമെന്നു പറഞ്ഞുതരുന്നുണ്ട്.
ഭൂരിപക്ഷമില്ലെങ്കിലും നിരവധി എംപിമാരുള്ള പ്രതിപക്ഷ കക്ഷികളുടെ പിന്നില്‍ ജനങ്ങളില്‍ വലിയൊരു ഭാഗം ഉണ്ടെന്ന ജനാധിപത്യവസ്തുത മോദി മറക്കരുതായിരുന്നു. സ്വന്തം മണ്ഡലത്തില്‍ മോദിയെ ജയിപ്പിച്ച ജനങ്ങള്‍ക്കുള്ളത്ര അവകാശങ്ങളും അന്തസും അധികാരവുമുള്ളവര്‍ തന്നെയാണ് പ്രതിപക്ഷത്തെ ഓരോ എംപിയെയും ജയിപ്പിച്ചത്. ജനങ്ങള്‍ക്കു വേണ്ടി സ്വന്തം ബോധ്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനും പ്രതിഷേധിക്കാനും അവര്‍ക്ക് അവകാശമുണ്ടെന്നു മോദി ഹൃദയകുലീനതയോടെ മനസില്‍ വയ്‌ക്കേണ്ടതാണ്.
നിങ്ങളുടെ കുറ്റംകൊണ്ടല്ലേ, നിങ്ങളെ ഒഴിവാക്കി ഇങ്ങനെയൊരു സര്‍ക്കാരിനെ ചുമക്കേണ്ടിവന്നത് എന്നു ജനങ്ങള്‍ വീണ്ടും യുപിഎയെത്തന്നെ നിശിതമായി കുറ്റപ്പെടുത്താന്‍ ഇടയാക്കുന്നെങ്കില്‍ അതു തന്റെ സര്‍ക്കാരിനല്ല ഭൂഷണമാകുക എന്നുകൂടി മോദി തീര്‍ച്ചയായും ഓര്‍മിക്കണം.
ഞാന്‍ ചെയ്തതു ചെയ്തു എന്ന പീലാത്തോസീയ മനോഭാവത്തോടെ എതിര്‍പക്ഷത്തെ ആക്ഷേപിക്കുന്നത് ജനങ്ങളുടെ ക്ലേശങ്ങള്‍ക്കുള്ള മറുപടിയല്ല.
ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയ തങ്ങളൊഴിച്ചെല്ലാവരെയും ജനങ്ങള്‍ പുറന്തള്ളിയതാണെന്ന തോന്നലിനു കാരണം, ജനാധിപത്യബോധത്തിന്റെ അഭാവമെന്ന രോഗമാണ്. പൊളിറ്റിക്കല്‍ ഡെഫിഷ്യന്‍സി ഡിസീസ് അഥവാ ഒരു രാഷ്ട്രീയ അഭാവരോഗം.
അങ്ങനെയൊരു രോഗമുണ്ടെങ്കില്‍, അതില്‍നിന്നു മുക്തരാകുംവരെ, നോട്ട് റദ്ദാക്കല്‍ ജനങ്ങളെ കഷ്ടപ്പെടുത്തുന്നു എന്ന സത്യം അംഗീകരിക്കാനോ കാര്യങ്ങള്‍ ശരിയായ ദിശയിലാക്കാനോ ഭരണാധികാരികള്‍ക്കു സന്നദ്ധതയുണ്ടായേക്കില്ല. സെപ്റ്റംബര്‍ 11, നവംബര്‍ 26, ഡിസംബര്‍ ആറ് തുടങ്ങിയവയുടെ ഗണത്തില്‍ നവംബര്‍ എട്ടിനെയും ജനങ്ങള്‍ ഓര്‍മിക്കുന്ന അവസ്ഥയായിരിക്കുമോ ഫലം?.