സൂപ്പര്‍ സ്റ്റാര്‍ കഥാപാത്രങ്ങളെ പുച്ഛിക്കുന്ന നവകാല പ്രേക്ഷകര്‍ വാനോളം ഉയര്‍ത്തിക്കാട്ടിയ ദൃശ്യം എന്ന സിനിമയുടെ ഒരു മിഥ്യ ഇതാ നാലുനിലയില്‍ പൊളിഞ്ഞിരിക്കുന്നു. കൊലപാതകത്തിന്റെ തെളിവുകള്‍ നിയമത്തിന്റെ കണ്ണില്‍നിന്നു സമര്‍ഥമായി മറച്ചുവയ്ക്കുന്നതായ സിനിമാക്കഥ പ്രേക്ഷകര്‍ക്കു നല്‍കിയ ആശ്വാസം എത്ര കപടമായിരുന്നു എന്നത് ഇപ്പോഴെങ്കിലും തിരിച്ചറിയപ്പെടേണ്ടതുതന്നെ.
കൊല ചെയ്യപ്പെട്ടയാളുടെ മൃതദേഹം പുതുതായി പണിയുന്ന കെട്ടിടത്തിന്റെ അടിത്തറയ്ക്കു കീഴില്‍തള്ളുന്ന അതിബുദ്ധി സിനിമയ്ക്കും മുമ്പേ ഒരു ക്രിമിനില്‍ പരീക്ഷിച്ചു എന്ന ഞെട്ടിക്കുന്ന പത്രവാര്‍ത്തയിലല്ല, ആ സിനിമാമിഥ്യയുടെ പൊളിവ്. അങ്ങനെയൊരു അതിബുദ്ധിവഴി കൊലപാതകം എന്നേക്കുമായി മറച്ചുപിടിക്കാന്‍ കഴിയുമെന്ന വ്യാജ ആശ്വാസമോ വിശ്വാസമോ പ്രേക്ഷകര്‍ക്കു നല്‍കി അവരെ അവരറിയാതെ കബളിപ്പിച്ചു എന്നതിലാണ്.
ഇപ്പോഴിതൊക്കെ പറയുന്നത് അകാല വിമര്‍ശനം ആയേക്കാം. മൂന്നുവര്‍ഷം പിന്നിലായിപ്പോയ, പശു ചത്തു മോരിലെ പുളിയും പോയി എന്ന പറഞ്ഞ മട്ടിലുള്ള നിരൂപണം. പക്ഷേ, എത്ര വൈകിയായാലും ദൃശ്യം സിനിമ മലയാളികളുടെ മനസില്‍ അടിച്ചേല്‍പ്പിച്ച കൊടുംമിഥ്യകളുടെ തുറന്നുകാട്ടല്‍ ആവശ്യംതന്നെയാണ്.
സൂ്പ്പര്‍സ്റ്റാര്‍ കഥാപാത്രങ്ങള്‍ അതിമാനുഷിക പരിവേഷത്തോടെ അവതരിക്കുന്ന സിനിമകളെ പരിഹസിക്കുന്നവര്‍ ദൃശ്യം മറ്റൊരു അതിമാനുഷിക കഥാപാത്രത്തിന്റെ കഥയാണെന്നതു തിരിച്ചറിയാതെ പോയി. ജോര്‍ജ്കുട്ടി എന്ന ആ കഥാപാത്രം ഒരേസമയം പത്തുപേരെ ഇടിച്ചിടുന്നവനും ഭൂഗുരുത്വം ബാധകമാകാതെ അന്തരീക്ഷത്തില്‍ ചാടിപ്പറക്കുന്നവനുമല്ല. പക്ഷേ, തനിക്കാവശ്യമായ വിധം ചുറ്റുപാടുകളെയും ചുറ്റുപാടുമുള്ള മനുഷ്യരുടെ ഓര്‍മയെയും സ്വാധീനിച്ചുകളയുന്നവനാണ്. സാഹചര്യങ്ങളുടെ മേല്‍ അതിമാനുഷിക സ്വാധീനം പ്രയോഗിക്കുന്നവന്‍. സാധാരണ സൂപ്പര്‍ കഥാപാത്രങ്ങളെപ്പോലെ പ്രകടമായ അതിമാനുഷികനല്ല, പ്രേക്ഷകരെ അവരറിയാതെ വിഡ്ഢികളാക്കുന്ന അതിമാനുഷികന്‍. ദൈവത്തിനു മാത്രം കഴിയുന്നതു ചെയ്യുന്നവന്‍. ഇതല്ലേ യഥാര്‍ഥത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഭോഷത്തം.
മിഥ്യകളില്‍ മിഥ്യയും ഭോഷത്തങ്ങളില്‍ ഭോഷത്തവും എന്നു പറയേണ്ടതു മറ്റൊന്നാണ്. പോലീസില്‍നിന്നും നിയമത്തില്‍നിന്നും കൊലപാതകം മറച്ചുപിടിക്കാന്‍ കഴിഞ്ഞെന്നുകരുതി, ഒരു വന്‍ ദുരന്തത്തിന്റെ ചിന്താഭാരം മനസിലുള്ള പതിനഞ്ചുകാരിയും അവളുടെ കുഞ്ഞനിയത്തിയും അമ്മയും പിന്നീടുള്ള കാലംമുഴുവന്‍ സന്തോഷത്തോടും ആശ്വാസത്തോടും കൂടി കഴിഞ്ഞുകൂടുമെന്ന വ്യാഖ്യാനം.
കുറ്റബോധത്തിന്റെ പിടിയിലും പേടിയിലും പെട്ട ആ മനസുകള്‍ക്ക് അവര്‍ സാധാരണ വ്യക്തികളാണെങ്കില്‍, ഒരു രാത്രിയെങ്കിലും പേക്കിനാവു കാണാതെ ഉറങ്ങാന്‍ പറ്റുമോ. ഉവ്വെന്നു വരുത്തി തങ്ങളെ മയക്കിയ ചലച്ചിത്രകാരന്റെ കൗശലത്താല്‍ ആശ്വാസത്തോടെ തിയേറ്റര്‍ വിട്ട പ്രേക്ഷകരെക്കുറിച്ച് എന്തു പറയാന്‍.
ഭാവാത്കമായ ഒരു കൗശലം ദൃശ്യം തീര്‍ച്ചയായും കാട്ടിത്തരുന്നുണ്ട്. മകന്റെ അന്ത്യത്തെക്കുറിച്ച് അവന്റെ മാതാപിതാക്കള്‍ക്കു ഗ്രഹിക്കാന്‍മാത്രം പാകത്തില്‍ കാര്യങ്ങള്‍ പരോക്ഷമായി വെളിപ്പെടുത്തി എന്നതാണത്. അതു യഥാര്‍ഥത്തില്‍ പ്രേക്ഷകന്റെ ഹൃദയഭാരം ചോര്‍ത്തിവിട്ടു എന്നു തീര്‍ച്ചയായും പറയാം. അല്ലായിരുന്നെങ്കില്‍ രസതന്ത്രം സിനിമയിലെ രഹസ്യം വേട്ടയാടിയ ഇന്നസെന്റിന്റെ മണികണ്ഠന്‍ ആശാരിയുടെ അവസ്ഥയിലായേനേ അവര്‍.
സിനിമയില്‍ ബാക്കിയുള്ളവ, പോലീസിന്റെ ചോദ്യംചെയ്യല്‍ ഇത്രത്തോളമേ വരൂ എന്നു കാണിച്ചതടക്കമുള്ള ഭോഷത്തങ്ങളും മനഃപൂര്‍വമല്ലാതെ തങ്ങള്‍ നടത്തിയ കൊലപാതകം മറച്ചുപിടിച്ച് ഒരു പെണ്‍കുട്ടിക്കും അവളുടെ കുടുംബാംഗങ്ങള്‍ക്കും മനസ്വാസ്ഥ്യത്തോടെ ജീവിക്കാന്‍ കഴിയുമെന്ന അപ്രഖ്യാപിത പ്രഖ്യാപനവും സൂപ്പര്‍ കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ക്കൊപ്പം പോലും യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണ്. നിസഹായയായ പെണ്‍കുട്ടിയോടും അവളുടെ കുടുംബത്തോടും സഹതാപമുള്ള പ്രേക്ഷകര്‍ അവര്‍ കേസില്‍ കുടുങ്ങാതെ പോകുന്നതില്‍ ആശ്വസിക്കും. പക്ഷേ, കഥാപാത്രങ്ങള്‍ക്ക് അങ്ങനെ ആശ്വസിക്കാന്‍ കഴിയുമെന്നു വരുത്തിയത് ചലച്ചിത്രകാരന്‍ പ്രേക്ഷകര്‍ക്കു നല്‍കിയ കൊടും മിഥ്യ, ഏറ്റവും കപടവും ഏറ്റവും വ്യാജവുമായ ആശ്വാസം, തന്നെയാണ്.

****
പുരുഷന്മാര്‍ സ്ത്രീകളെ തുറിച്ചുനോക്കുന്നതു കുറ്റകരമാണെന്ന നിയമം ഋഷിരാജ് സിങ് ഓര്‍മിപ്പിച്ചപ്പോള്‍ എന്തായിരുന്നു പുകില്. ഇപ്പോഴോ, പുരുഷന്മാര്‍ തുറിച്ചുനോക്കുന്നതു പുരുഷന്മാര്‍ക്കുപോലും സഹിക്കുന്നില്ല. അതാണല്ലോ ബാലരാമപുരത്തെ അതിക്രമത്തിനു കാരണം. നിയമത്തെ പഴിച്ചും സ്ത്രീകളെ പരിഹസിച്ചും പറഞ്ഞവര്‍ ബാലരാമപുരം സംഭവം പ്രത്യേകം ഓര്‍മയില്‍ വയ്ക്കട്ടെ.