മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനു കത്തയച്ചു. കൊലക്കേസില്‍ പ്രതിയായ വ്യക്തി അധികാരസ്ഥാനത്തിരിക്കുന്നതു പാര്‍ട്ടി നയങ്ങള്‍ക്കെതിരാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ച കത്തില്‍ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഞ്ചേരി വധക്കേസില്‍ എം.എം. മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണു മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം യെച്ചൂരിക്കു കത്തയച്ചത്. എം.എം. മണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും മന്ത്രിയായപ്പോഴും കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണു സിപിഎം സ്വീകരിച്ചത്.