ആരെയും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും യമനിലെ ഏഡനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ അവസ്ഥ കടുത്ത വേദനയുളവാക്കുന്നു. അദ്ദേഹത്തിന്റേതായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അഭ്യര്‍ഥനയും ചിത്രവും യഥാര്‍ഥമോ എന്നറിയില്ല. കഴിഞ്ഞ മാര്‍ച്ചില്‍ തട്ടിയെടുക്കപ്പെട്ട വൈദികന്‍ ഇന്നു സ്വാഭാവികമായും ആയിരിക്കാവുന്ന അവസ്ഥതന്നെയാണു വീഡിയോ വെളിപ്പെടുത്തുന്നത്. പത്തുമാസം നിഷ്ഠുരരായ ഭീകരരുടെ പിടിയില്‍ കഴിയേണ്ടിവന്ന ഫാ. ടോമിന്റെ പുതിയ ചിത്രം ഹൃദയത്തെ സ്പര്‍ശിക്കുന്ന നിസഹായതയുടേതാണ്. താന്‍ ദുഃഖിതനും മനസിടിഞ്ഞവനും ആയിരിക്കുന്നു എന്ന വാക്കുകള്‍ മുന്‍വിധികളില്ലാത്ത ഏതു മനസിനെയും നൊമ്പരപ്പെടുത്താതിരിക്കില്ല. രോഗത്താല്‍ അവശനായ തന്റെ ജീവന്‍ രക്ഷിക്കാന്‍ മാര്‍പാപ്പയും ഇന്ത്യയുടെ രാഷ്ട്രത്തലവനും ഭരണത്തലവനും ഇന്ത്യയിലെ ബിഷപ്പുമാരും അടക്കം സര്‍വരും കഴിയുന്നതെല്ലാം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ജീവയാചന പുറത്തുവരാന്‍ അവസരം ലഭിച്ചു എന്നതുതന്നെ അദ്ദേഹത്തെ രക്ഷിക്കാന്‍ വഴിയടഞ്ഞിട്ടില്ല എന്നതിന്റെ സൂചനയല്ലേ.
ഫാ. ടോമോ അദ്ദേഹത്തിന്റെ സേവനശുശ്രൂഷകളോ ഭീകരരുടെ ഹിംസാത്മക വിദ്വേഷത്തിനു നേരിട്ടു വിഷയമല്ലെന്നും തങ്ങള്‍ക്കുമോചനദ്രവ്യമായി പണമോ മറ്റെന്തോ നേടാനുള്ള ജാമ്യവസ്തു മാത്രമാണു ഫാ.ടോം എന്നുമല്ലേ മനസിലാക്കേണ്ടത്. അഥവാ ഉചിതമായ ശ്രമങ്ങള്‍ നടത്തിയാല്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയും എന്നുകൂടിയല്ലേ ഇതിന്റെ പരോക്ഷസൂചന?
കൊലക്കേസില്‍പ്പെട്ട തങ്ങളുടെ രണ്ടു നാവികരെ മോചിതരാക്കാനും സഹായിക്കാനും ഇറ്റലി കാട്ടിയ താത്പര്യവും ശുഷ്‌കാന്തിയും നമുക്കറിയാം. ഗള്‍ഫ് രാജ്യങ്ങളിലെ കര്‍ശന നിയമം വധശിക്ഷയ്ക്ക്, ശിരച്ഛേദത്തിന്, വിധിച്ച കേരളീയരടക്കം പല ഇന്ത്യക്കാരെയും രക്ഷിച്ചെടുക്കാന്‍ നമ്മുടെ അധികൃതരും സമൂഹവും നടത്തിയിട്ടുള്ള ശ്രമങ്ങളും നമുക്കറിയാം. ഇതു കണക്കിലെടുക്കുമ്പോഴാണ് ഫാ.ടോമിന്റെ മോചനത്തിനുവേണ്ടി, നമ്മുടെ സമൂഹമോ അധികൃതരോ കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്‌തോ എന്ന സംശയിക്കേണ്ടിവരുന്നത്. മുന്‍പറഞ്ഞ കേസുകളില്‍ ഭരണഘടനയോ നിയമവ്യവസ്ഥയോ ബാധകമായ അധികാരകേന്ദ്രങ്ങളോടാണ് നമ്മുടെ അധികൃതര്‍ ഇടപെട്ടിരുന്നത് എന്ന വ്യത്യാസം മറന്നിട്ടല്ല ഇതു പറയുന്നത്.
എങ്കിലും ശ്രമിച്ചാല്‍ ഫാ.ടോമിന്റെ മോചനത്തിനു സാധ്യതകളുണ്ടെന്ന സൂചനകള്‍ വീണ്ടും തെളിയുമ്പോള്‍, രാഷ്ട്രീയനേതൃത്വങ്ങളും ഭരണകേന്ദ്രങ്ങളും ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാട്ടുന്നില്ല എന്ന് ആകുലതയോടെ, ആശങ്കയോടെ ഒരുപക്ഷേ, പ്രതിഷേധത്തോടെ കരുതേണ്ടിവരുന്നു. ഇവരെയെല്ലാം ഉത്‌സുകരാക്കുന്ന കാര്യത്തില്‍ സഭാനേതൃത്വവും ജാഗരൂകമാകണമെന്ന ഫാ. ടോമിന്റെ യാചനയ്‌ക്കൊപ്പമേ ഏതു സാധാരണക്കാരനും നില്‍ക്കാനാവൂ.
ഫാ. ടോം കുടുംബജീവിതക്കാരനല്ലാത്ത, എല്ലാവര്‍ക്കുംവേണ്ടി ജോലിചെയ്യുന്ന ദൈവശുശ്രൂഷകനാണെന്നതാണ് ശുഷ്‌കാന്തിക്കുറവിന്റെ കാരണമെങ്കില്‍ അതു വലിയ അബദ്ധംതന്നെയാണ്. അദ്ദേഹത്തിന്റെ ദുഃഖം സമൂഹത്തിന്റെ നഷ്ടമാണ്. ഏതു വിശ്വാസത്തില്‍ നിന്നുകൊണ്ടായാലും ദൈവികനന്മ സമൂഹത്തിനു ലഭ്യമാക്കാന്‍ നീട്ടുന്ന കരങ്ങളുടെ ബന്ധനം സമൂഹത്തിനു മുഴുവനുമുള്ള നന്മകളുടെ ബന്ധനമാണ്. മനുഷ്യഗണത്തിനുവേണ്ടി ദൈവസന്നിധിയിലേക്കുയരുന്ന ഹൃദയത്തിന്റെ ഇടിച്ചിലും തകര്‍ച്ചയും സമൂഹത്തിന്റെതന്നെ പ്രത്യാശാനഷ്ടമാണ്. മുന്‍വിധികളില്ലാതെ, ദൈവികനന്മകളും അവയുടെ ശുശ്രൂഷയും ഹൃദയാ കാണാന്‍ കഴിയുന്നവര്‍ക്ക് ഒരു ദുഃഖം തോന്നാതെ വയ്യ. അവഗണിച്ചില്ലേ നമ്മള്‍ ഇതുവരെയും ഫാ. ടോം ഉഴുന്നാലിലിന്റെ കാര്യം?