ന്യായാധിപനെ ശുംഭന്‍ എന്നു വിശേഷിപ്പിച്ചയാള്‍ ശുംഭന്‍ എന്ന വാക്കിന്റെ അര്‍ഥം പ്രകാശം പരത്തുന്നവന്‍ എന്നാണെന്നു പിന്നീടു ന്യായീകരിച്ചത് നമുക്കോര്‍മയുണ്ട്. ആ ന്യായീകരണവും ജനങ്ങള്‍ മനസിലാക്കുന്ന അര്‍ഥവും തമ്മിലുള്ള അകലം സ്വയംവ്യക്തം ആണെന്നതുകൊണ്ടു തന്നെയാണല്ലോ ന്യായീകരണം അംഗീകരിക്കപ്പെടാതെ പോയതും.
ഹിന്ദുത്വം എന്നതു ജീവിതരീതി മാത്രമാണെന്നു തീര്‍ത്തും സാധാരണക്കാരോടു പറയുമ്പോഴും സമാനമായൊരു സ്ഥിതി നിലനില്‍ക്കുന്നില്ലേ. പരമോന്നത കോടതിയുടെ വിധിതീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സ്വാഭാവികമായി ഉയരുന്ന സംശയമാണിത്.
തെരഞ്ഞെടുപ്പില്‍ മതം, ജാതി, ഭാഷ, വംശം എന്നിവ പറഞ്ഞുള്ള വോട്ടുചോദ്യം ക്രിമിനല്‍കുറ്റമാണെന്നു ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി ഹിന്ദുത്വ എന്നതു ജീവിതരീതി മാത്രമാണെന്നും അതിനെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കൂടി പറഞ്ഞതിനെ തത്ത്വത്തിലോ ഉദ്ദേശ്യശുദ്ധിയിലോ ആരും എതിര്‍ക്കില്ല. പക്ഷേ, പ്രായോഗിക യാഥാര്‍ഥ്യമോ?
അതിലേക്ക്ു കടക്കുംമുമ്പ് മറ്റൊന്നു പറയട്ടെ. ഞാന്‍ സംസ്‌കാരത്തില്‍ ഹിന്ദുവും മതവിശ്വാസത്തില്‍ ക്രൈസ്തവനും സഭാപരമായി റോമന്‍(സുറിയാനി) കത്തോലിക്കനും ആണ് എന്ന് എഴുതുകയും പറയുകയും ചെയ്തിരുന്ന ഒരു വൈദികശ്രേഷ്ഠനെ ഓര്‍മിക്കുന്നു. അദ്ദേഹം മാത്രമല്ല, ശരിയായ ധാരണയുള്ള ഭാരതീയരായ എല്ലാ ക്രൈസ്തവ വിശ്വാസികളും തങ്ങളെ ഹിന്ദുക്രൈസ്തവര്‍ എന്നു സ്വയം വിശേഷിപ്പിക്കാന്‍ മടിച്ചേക്കില്ല. കാരണം, സുപ്രീംകോടതി പറഞ്ഞതുപോലെ ഹിന്ദു എന്നതുകൊണ്ട് അവരെല്ലാം മനസിലാക്കുന്നതും ഉദ്ദേശിക്കുന്നതും ഭാരതീയ നാനാത്വത്തിന്റെ ആത്മാവുപോലെ ദൃശ്യവും അദൃശ്യവുമായി നിലനില്‍ക്കുന്ന, ഹിന്ദുത്വ എന്നു വിളിക്കുന്ന പൊതു ജീവിതരീതി അവലംബിക്കുന്ന വ്യക്തി എന്നാണ്.
ക്രൈസ്തവവിശ്വാസം സ്വീകരിച്ച പൂര്‍വമാതാപിതാക്കളുടെ കാലത്തുതന്നെ ആചരിച്ചുപോരുന്നതും തങ്ങളുടെ ഇപ്പോഴത്തെ വിശ്വാസങ്ങള്‍ക്കു വിരുദ്ധമല്ലാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെട്ടതാണത്. വിവാഹത്തിലെ മിന്നുകെട്ട് പോലുള്ളവ അത്തരത്തിലുള്ള പ്രകടമായ അടയാളങ്ങളില്‍ പെട്ടതാണല്ലോ.(എന്നാല്‍ ഭാരതീയരീതികളെല്ലാം വിശ്വാസനിരപേക്ഷം ആണെന്നു പറയാനാവില്ല എന്നതു മറ്റൊരു കാര്യം. തുടക്കംമുതല്‍ അത്തരം രീതികള്‍ നിരാകരിച്ച പൂര്‍വികരുടെ തലമുറകളാണ് ഇന്നത്തെ ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്ന സത്യം അവഗണിക്കാവതല്ല. )
ഹിന്ദുത്വ എന്നും ഹിന്ദു എന്നും പറഞ്ഞാല്‍, ഉത്തരേന്ത്യയിലെ മതിയായ സാക്ഷരത ഇല്ലാത്ത ബഹുകോടി ഹിന്ദുമത വിശ്വാസികള്‍ മനസിലാക്കുന്നത് എന്തായിരിക്കും? ഭാരതീയ സംസ്‌കാരത്തിലെ മതനിരപേക്ഷകതയും അത് അവലംബിക്കുന്നവരും എന്നായിരിക്കുമോ അതോ, ക്ഷേത്ര-വിഗ്രഹ ആരാധനയില്‍ അധിഷ്ഠിതമായ വിശ്വാസജീവിതം എന്നും അതില്‍ വിശ്വസിക്കുന്ന മതസമൂഹത്തിലെ അംഗം എന്നും ആയിരിക്കുമോ?
ഹിന്ദുത്വയെ മാനിക്കുന്നവര്‍ക്കു വോട്ടുചെയ്യൂ എന്നു പറഞ്ഞാല്‍ ഭാരതീയ സംസ്‌കാരത്തെ മാനിക്കുന്നവര്‍ക്ക്, അതു മുസ്‌ലിമായാലും പാഴ്‌സിയായാലും സിക്കുകാരനായാലും ക്രൈസ്തവനായാലും വോട്ടുചെയ്യാം എന്ന് അവര്‍ ധരിക്കുമോ അതോ ഹിന്ദുമതവിശ്വാസിക്കു വോട്ടു ചെയ്യൂ എന്നായിരിക്കുമോ മനസിലാക്കുക?. ഒരു ഹൈന്ദവസ്ഥാനാര്‍ഥിയും ഹൈന്ദവേതര സ്ഥാനാര്‍ഥിയും മത്സരിക്കുമ്പോള്‍ ഹിന്ദുത്വയോടുള്ള ഏത് തത്പരപരാമര്‍ശവും ആര്‍ക്കാണ് അനുകൂലമാകുക?
ഉയര്‍ന്ന സാക്ഷരതയും ചിന്താശേഷിയുമുള്ളവര്‍ ഹിന്ദുത്വ അഥവാ ഹിന്ദുത്വം എന്നതു സംസ്‌കാരമെന്നും ജീവിതരീതിയെന്നും മനസിലാക്കും. പക്ഷേ, അങ്ങനെയല്ലാത്തവരോ. സുപ്രീംകോടതി പറഞ്ഞ അര്‍ഥത്തില്‍ ഇന്ത്യയില്‍ ഹിന്ദുക്കളേ ഉള്ളൂ. അവരുടെ മതം ഏതായാലും. എന്നാല്‍, അത്തരമൊരു വിശാലം അര്‍ഥം നിരക്ഷര സാധാരണക്കാര്‍ മനസിലാക്കുമോ.
ഏറെ ഉപയോഗത്തിനുള്ള ഒരു വാക്ക് അംഗീകരിക്കുമ്പോള്‍/സ്വീകരിക്കുമ്പോള്‍ അതിന്റെ അത്യപൂര്‍വമോ കാലഹൃതമോ ശബ്ദകോശത്തില്‍നിന്നൂ മാത്രം പരതിയെടുക്കാന്‍ കഴിയുന്നതോ ആയ അര്‍ഥമല്ലല്ലോ കണക്കിലെടുക്കേണ്ടത്. പകരം, സാധാരണക്കാര്‍  പ്രത്യേകിച്ച്, ആ വാക്കുമായി ബന്ധപ്പെട്ടവര്‍ മനസിലാക്കുന്ന അര്‍ഥമാണല്ലോ പ്രസക്തമായി കാണേണ്ടത്. സുപ്രീംകോടതിയുടെ തീര്‍പ്പിനെത്തുടര്‍ന്ന് ഇങ്ങനെയൊരു സംശയം ഉയര്‍ന്നുവരുന്നു.