ഖത്തറില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ സുപ്രിം കോടതി ശരി വച്ചു. 2012 ല്‍ ദോഹയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു പ്രതിക്ക് പതിനഞ്ചു വര്‍ഷത്തേക്ക് ജീവ പര്യന്തം ശിക്ഷ നല്‍കാനും സുപ്രിം കോടതി ഉത്തരവിട്ടു.

തമിഴ്നാട് സ്വദേശികളായ ചെല്ലാ ദുരൈ പെരുമാള്‍, അളഗപ്പ സുബ്രമണ്യം എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ശിവകുമാറിനാണ് ജീവപര്യന്തം ശിക്ഷ ലഭിക്കുക. 2012 റമദാനിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സലാതയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഖത്തര്‍ സ്വദേശിനിയായ വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയതായാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്.

വൃദ്ധയുടെ വീടിനടുത്തു തന്നെയുള്ള ലേബര്‍ കാമ്ബിലായിരുന്നു മൂന്നു പ്രതികളും താമസിച്ചിരുന്നത്.വീട്ടു വേലക്കാരിയുടെ സഹായത്തോടെ ദിവസങ്ങള്‍ക്കു ശേഷം പോലീസ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുകയും പ്രതികള്‍ക്ക് നിയമസഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേസിന്റെ മുഴുവന്‍ ചിലവുകളും തമിഴ്നാട് സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചതും അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേസമയം കഴിഞ്ഞ മെയ് 20നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റം സ്ഥിരീകരിച്ച അപ്പീല്‍ കോടതി പ്രതികള്‍ വധശിക്ഷക്ക് അര്‍ഹരാണെന്നും ഉത്തരവിട്ടിരുന്നു.

തുടര്‍ന്നാണ് വിഷയം സുപ്രീം കോടതിയിലേക്ക് എത്തിയത്. കൊല്ലപ്പെട്ട വൃദ്ധയുടെ ബന്ധുക്കള്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കാമെന്ന വാദത്തില്‍ ഉറച്ചു നിന്നതും സുപ്രീം കോടതിയുടെ വിധിക്കു പിന്‍ബലമായി. കോടതി വിധിയുടെ പകര്‍പ്പുകള്‍ ലലഭിച്ച ശേഷം കേസിന്റെ അടുത്ത നടപടിയെ കുറിച്ച്‌ ആലോചിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകനു വേണ്ടി അഡ്വ. നിസാര്‍ കോച്ചേരി അഭിപ്രായപ്പെട്ടു.