തീയ്യേറ്ററുടമകളുമായി സമവായത്തിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മലയാള ചിത്രങ്ങള്‍ തീയ്യേറ്ററില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനിടെയാണ് മറുഭാഷ ചിത്രങ്ങള്‍ റിലീസ് നടത്താന്‍ തീയ്യേറ്ററുടമകള്‍ തയ്യാറായത്. എന്നാല്‍ മലയാള സിനിമയെ ബഹിഷ്കരിച്ച്‌ മറുഭാഷാ സിനിമാ റിലീസുമായി മുന്നോട്ട് പോകാനുള്ള എ ക്ലാസ് തീയ്യേറ്ററുടമകളുടെ തീരുമാനത്തെ എതിര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ പകരം പ്രദര്‍ശിപ്പിക്കുന്ന വിജയ് ചിത്രം ഭൈരവാ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാന്‍ ചിത്രം റയീസ് എന്നീ സിനിമകളുടെ പ്രദര്‍ശനം തടയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നത്.  വിജയ് നായകനും കീര്‍ത്തി സുരേഷ് നായികയുമായ ഭൈരവാ 200 ലേറെ തീയ്യേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.

അതിനിടെ ഡീന്‍ നടത്തിയ പ്രസ്താവനയില്‍ പ്രകോപിതരായിരിക്കുകയാണ് കേരളത്തിലെ വിജയ് ഫാന്‍സ്. ഡീന്‍ കുര്യാക്കോസിനെതിരെ പരസ്യമായി ഭീഷണി മുഴക്കാനും ഇവര്‍ മടിക്കുന്നില്ല. മറുഭാഷാ സിനിമകളുടെ പ്രദര്‍ശനം തടയുമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ഷെയര്‍ ചെയ്ത ഡീന്‍കുര്യാക്കോസിന്റെ ഫേസ്ബുക്ക് പേജിലാണ് ആരാധകരുടെ ഭീഷണിയും. സിനിമ തടയാന്‍ വരുമ്ബോള്‍ വാഴയില വെട്ടികാത്തിരിക്കാന്‍ പറഞ്ഞിട്ടാകണം വരവെന്നും, ആംബുലന്‍സ് വിളിച്ചിട്ട് വന്നാല്‍ മതിയെന്നും ഫാന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.

ചിലരാകട്ടെ യൂത്ത് കോണ്‍ഗ്രസിന്റെ നാലിരട്ടി വിജയ് ഫാന്‍സ് കേരളത്തില്‍ ഉണ്ടെന്നും ഈ മാസം 12ന് സിനിമ തടയാന്‍ വരുമ്ബോള്‍ ഡീനിന് അത് നേരിട്ട് കാണാമെന്നും ഭീഷണി മുഴക്കുന്നു. വിജയ് കേരളത്തിന്റെ ദത്തുപുത്രനാണെന്നും സിനിമ തടഞ്ഞാല്‍ വിവരമറിയുമെന്നുമായി ചിലര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിജയ് ഫാന്‍സാണ് തങ്ങളെന്നും തീരുമാനവുമായി മുന്നോട്ടു പോയാല്‍ പാര്‍ട്ടി വിടുമെന്നുവരെയായി ചിലരുടെ വാദം.

അതേസമയം ഡീന്‍ കുര്യാക്കോസിന്റെ മൊബൈല്‍ നമ്ബര്‍ കമന്റില്‍ പരസ്യപ്പെടുത്തി വിളിച്ച്‌ ഇയാളുടെ അടപ്പ് തെറിപ്പിക്ക് എന്ന ആഹ്വാനവും ചിലര്‍ നടത്തുന്നു. ഇതിനിടെ മറുഭാഷാ ചിത്രങ്ങളുടെ റിലീസ് തടയുമെന്ന തീരുമാനത്തിനെതിരെ സൂര്യയുടെ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.