തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാംപസില്‍ ജീന്‍സും ലെഗ്ഗിന്‍സും ടോപ്പും ധരിക്കരുതെന്ന് സര്‍ക്കുലര്‍. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തന്നെ ഡ്രസ് കോഡിനെക്കുറിച്ച് പറയുന്നുണ്ടെന്നും പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം.വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലറിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി.

മെഡിക്കല്‍ കോളജ് ക്യാംപസില്‍ നിന്ന് ഇവയെല്ലാം പുറത്താക്കാനാണ് അധികൃതരുടെ തീരുമാനം. എംബിബിഎസ് വിദ്യാര്‍ഥികളുടെ ക്ലിനിക്കല്‍ പോസ്റ്റിങ്, ഹാജര്‍ നില എന്നിവയെക്കുറിച്ചെല്ലാമുള്ള നിര്‍ദേശം നല്‍കുന്ന സര്‍ക്കുലറിലാണ് കൃത്യമായ ഡ്രസ് കഡ് വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്.
വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഗിരിജയാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. വേഷത്തിന്റെ കാര്യത്തില്‍ എന്തെല്ലാം ആകാം ആയിക്കൂടാ എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ജീന്‍സ്, ലെഗിന്‍സ്, ടീ ടര്‍ഷ്, ഷോര്‍ട്ട് ടോപ്പുകള്‍ കാഷ്വല്‍ ഡ്രസ്, ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങള്‍ എന്നിവ പാടില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.