ഇന്ത്യന്‍ ടീമിന്റെ നായകനായി എം.എസ് ധോണിയെ ഒരിക്കല്‍ കൂടി കാണാന്‍ അഗ്രഹമുള്ളവര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്തയുണ്ട്. ധോണി ഒരു മത്സരത്തില്‍ കൂടി ഇന്ത്യയുടെ ക്യാപ്റ്റനാകും. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലാകും ധോണി ടീമിനെ നയിക്കുക.

രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇലവനെതിരെ ഇന്ത്യ എ ടീം കളിക്കുക. മുംബൈയില്‍ ജനുവരി പത്തിനും പന്ത്രണ്ടിനുമാണ് സന്നാഹ മത്സരം നടക്കുക. ഇതില്‍ ഒരു മത്സരത്തില്‍ ധോണി ഇന്ത്യയുടെ നായകനാകും. രണ്ടാം മത്സരത്തില്‍ അജിങ്ക്യെ രഹാനെയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യ ഇറങ്ങുക.

ഇന്ത്യ എ ടീമിന്റെ നായകനായി എം.എസ് ധോണിയെ തെരഞ്ഞെടുത്തത് യുവതാരങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാനും അറിവ് പകര്‍ന്നു കൊടുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവു കൊണ്ടാണെന്ന് ചിഫ് സെലക്ടറായ എം.എസ്.കെ പ്രസാദ് ടീം പ്രഖ്യാപിക്കവെ വ്യക്തമാക്കിയിരുന്നു. നായകത്വത്തില്‍ നിന്നും പടിയിറങ്ങിയോ എന്നതിലല്ല, ധോണി ജന്മനാ നായക പാടവമുള്ള താരമാണെന്നും പ്രസാദ് സൂചിപ്പിച്ചിരുന്നു.

ജാര്‍ഖണ്ഡിന്റെ രഞ്ജി മത്സരത്തിനിടെ ധോണിയുമായി സംസാരിച്ചിരുന്നു. മത്സരത്തിലുടനീളം ടീമിന് ഒരു ഗുരുവിനെ പോലെ ധോണി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും അവസാന നിമിഷം അപ്രതീക്ഷിതമായി തന്നേയും ബിസിസിഐയേയും വിരമിക്കല്‍ തീരുമാനം അറിയിക്കുകയായിരുന്നുവെന്നും പ്രസാദ് വ്യക്തമാക്കി. ഇന്ത്യക്ക് ഏകദിന, ടിട്വന്റി കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനായ ധോണി 9 വര്‍ഷമാണ് ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.