അറുപത്തിരണ്ടാമത് ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളത്തിന് സ്വര്‍ണത്തിളക്കം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 114 പോയിന്റോടെയാണ് കേരളം കിരീടം ചൂടിയത്. ഇത് 20ാം തവണയാണ് കേരളം കിരീടം ചൂടുന്നത്. പതിനൊന്ന് സ്വര്‍ണത്തില്‍ ആറെണ്ണം പെണ്‍കുട്ടികളുടെ സംഭാവനയാണ്. 800 മീറ്ററില്‍ അബിത ഇന്ന് സ്വര്‍ണം നേടി. സ്കൂള്‍ തലത്തിലുള്ള മത്സരം വിടുന്ന അബിതയുടെ മീറ്റിലെ രണ്ടാം സ്വര്‍ണമാണിത്. 58 പോയിന്ററുമായി തമിഴ്നാടാണ് രണ്ടാമത്. കേരളത്തിന്റെ കുത്തകയായ ചില ഇനങ്ങളില്‍ തമിഴ്നാട് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇന്ന് നാല് സ്വര്‍ണമാണ് കേരളം നേടിയത്. ഇതില്‍ അവസാനം നടന്ന ആണ്‍കുട്ടികളുടെ 4/100 മീറ്റര്‍ റിലെയില്‍ കേരളത്തിന് ശക്തമായ വെല്ലുവിളി തമിഴ്നാട് കാഴ്ച വച്ചുവെങ്കിലും അവസാന നിമിഷം കേരളം സ്വര്‍ണം കൈപ്പിടിയിലൊതുക്കി.

 ഫൗള്‍ സ്റ്റാര്‍ട്ടിലൂടെ റിലേയില്‍ ആദ്യഘട്ടത്തില്‍ ആശങ്ക സൃഷ്ടിച്ചുവെങ്കിലും പുറത്താക്കാതെ വാണിംഗ് മാത്രം നല്‍കി ഒതുക്കി. അവസാന ലാപ്പില്‍ ഓടിയ ഓംകാറിന് കനത്ത പേശിവലിവ് അനുഭപ്പെട്ടുവെങ്കിലും ജീവന്‍മരണ പോരാട്ടത്തിലൂടെ സ്വര്‍ണത്തിലേക്ക് കുതിച്ചുകയറുകയായിരുന്നു. പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ കേരളം സ്വര്‍ണവും വെങ്കലവും നേടി. അവസാന ഹര്‍ഡില്‍സ് കടക്കുന്നതിനിടെ കേരള താരത്തിന്റെ കാല്‍ ഉടക്കി വീഴാന്‍ തുടങ്ങിയതിനാല്‍ വെള്ളി നഷ്ടപ്പെടുകയായിരുന്നു.

മേളയുടെ തുടക്കം മുതല്‍ കേരള താരങ്ങള്‍ തിളക്കമാര്‍ന്ന പ്രകടമാണ് കാഴ്ചവച്ചത്. പല ഇനങ്ങളിലും കേരളത്തിന്റെ കുത്തക തകര്‍ക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ പരിശ്രമിച്ചുവെങ്കിലും കേരളം വിട്ടുകൊടുത്തില്ല.