ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷനല്‍ ടെന്നിസ് വനിതാ വിഭാഗം ഡബിള്‍സ് കിരീടം സാനിയ മിര്‍സ-ബെഥനി മറ്റെക്ക് സഖ്യത്തിന്. റഷ്യയുടെ ഏകതറീന മകരോവ-എലേന വെസ്നിന സഖ്യത്തെയാണ് സാനിയ സഖ്യം തോല്‍പ്പിച്ചത്. സീസണില്‍ സാനിയ സഖ്യത്തിന്റെ ആദ്യ കിരീടമാണിത്. സ്കോര്‍: 6-2, 6-3.

എന്നാല്‍, കിരീടം നേടിയെങ്കിലും ഡബിള്‍സില്‍ സാനിയയുടെ ഒന്നാം റാങ്ക് നഷ്ടമായി. പങ്കാളിയായ ബെഥനി മറ്റെക്കാണു സാനിയയെ മറികടന്ന് ഒന്നാം റാങ്കിലെത്തിയത്. ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷനല്‍ ടെന്നിസ് വനിതാ വിഭാഗം ഡബിള്‍സില്‍ കഴിഞ്ഞ വര്‍ഷം സ്വിസ് താരം മാര്‍ട്ടീന ഹിന്‍ജിസിനൊപ്പം സാനിയ കിരീടം ചൂടിയിരുന്നു.

സിഡ്നി ഓപ്പണിലാണു സാനിയ അടുത്തതായി മത്സരിക്കുക. ചെക് റിപ്പബ്ലിക് താരം ബാര്‍ബറ സ്ട്രൈക്കോവയാണു സാനിയയുടെ പങ്കാളി. അടുത്തയാഴ്ചയാണു മത്സരം ആരംഭിക്കുക. തുടര്‍ന്ന് ജനുവരി 16നു തുടങ്ങുന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും ബാര്‍ബറയാണു സാനിയയുടെ ഡബിള്‍സ് പങ്കാളി.