മികച്ച ഫുട്ബോള്‍ താരത്തിനു സമ്മാനിക്കാറുള്ള ഫിഫയുടെ ബെസ്റ്റ് പ്ലെയര്‍ പുരസ്കാരം പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. 2016ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരമായി ആരാധകരുടെ സ്വന്തം റോണോയെ പ്രഖ്യാപിക്കുകയായിരുന്നു. അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് റയല്‍മാഡ്രിഡ് സ്ട്രൈക്കറുടെ നേട്ടം.പോര്‍ച്ചുഗലിന് യൂറോ കപ്പും റയലിന് യുവേഫ ചാമ്ബ്യന്‍സ് ലീഗും നേടികൊടുത്ത കളിമികവാണ് ക്രിസ്റ്റ്യാനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

‘ഞാന്‍ സന്തുഷ്ടനാണ്. 2016 എന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണെന്നു പറയാന്‍ ഇതു ധാരാളം- ഫിഫ പ്രസി‍ഡന്റ് ജിയാനി ഇന്‍ഫന്റീനോയുടെ കൈയില്‍നിന്നു പുരസ്കാരം സ്വീകരിച്ച ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞു.

വോട്ടെടുപ്പില്‍ മെസി രണ്ടാമതും ഗ്രീസ്മാന്‍ മൂന്നാമതുമായി. പുരസ്കാരചടങ്ങിന് മെസി എത്തിയിരുന്നില്ല. അന്തിമപട്ടികയില്‍ ഇടം ലഭിച്ചെങ്കിലും മികച്ച താരമാകാന്‍ സാധ്യതയില്ലെന്ന ഉറപ്പിച്ചതോടെ സൂറിച്ചിലേക്ക് വരാതെ മെസി ബാഴ്സലോണ ടീമിനൊപ്പം തങ്ങുകയായിരുന്നു.

പുരസ്കാരം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ ടീമിലെ സഹതാരങ്ങളോടും പരിശീലകനോടും കുടുംബത്തിനോടും നന്ദി അറിയിക്കുന്നുവെന്നും റോണോ പുരസ്കാര നേട്ടത്തിന് ശേഷം പ്രതികരിച്ചു. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ഫിഫ പുരസ്കാരം സ്വന്തമാക്കുന്നത്. ഇതിനുമുമ്ബുള്ള നേട്ടങ്ങള്‍ 2008, 2013, 2014 വര്‍ഷങ്ങളില്‍. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ സ്വന്തം നിലയ്ക്ക് നല്‍കുന്ന പുരസ്കാരങ്ങളാണ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് പ്രഖ്യാപിച്ചത്.