മുന്‍ തൊഴിലുടമ ഫയല്‍ ചെയ്ത കേസില്‍ മലയാളി എഞ്ചിനീയറെ ദുബായ് കോടതി കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സ്വദേശിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഹരീന്ദ്രനെയാണ് മുന്‍ തൊഴിലുടമ നല്‍കിയ ക്രിമിനല്‍ കേസില്‍നിന്നും ഒഴിവാക്കിയത്.

അഞ്ചുവര്‍ഷം ദുബൈയിലെ ഒരു ഐ.ടി കമ്പനിയില്‍ മാനേജരായി ജോലി ചെയ്ത ഹരീന്ദ്രന്‍ 2012ല്‍ ജോലി രാജിവെച്ച്‌ മറ്റൊരു കമ്പനിയില്‍ ചേര്‍ന്നു. ഒരു വര്‍ഷം അവിടെ ജോലി ചെയ്ത ശേഷം ഫുജൈറ ഫ്രീസോണില്‍ സ്വന്തമായി കമ്പനി തുടങ്ങി.

മുമ്ബ് ജോലി ചെയ്ത കമ്പനിയുടെ അതേ പ്രവര്‍ത്തനം തന്നെയായിരുന്നു പുതിയ കമ്പനിയുടേതും. ഇതിനെതിരെ മുന്‍ കമ്പനിയുടെ ഉടമ ഹരീന്ദ്രനെതിരെ പോലീസില്‍ ക്രിമിനല്‍ കുറ്റങ്ങളാരോപിച്ച്‌ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

പ്രാഥമിക ക്രിമിനല്‍ കോടതി ഈ കേസിലെ വസ്തുതകള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സോഫ്റ്റ്വെയര്‍ സാങ്കേതിക വിദഗ്ധനെ നിയമിച്ചിരുന്നു.

ഹരീന്ദ്രന്‍ വില്‍പന നടത്തിയ സോഫ്റ്റ്വെയര്‍, മുന്‍ കമ്പനിയുടെ സോഫ്റ്റ്വെയര്‍ അല്ലെന്നും അവരുടെ ഉപഭോക്താക്കളെ ബോധപൂര്‍വം വശീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കമ്പനിയുടെ ബിസിനസ് രഹസ്യങ്ങള്‍ മറ്റാര്‍ക്കും ചോര്‍ത്തി നല്‍കിയിട്ടില്ല റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതി നിരപരാധിയാണെന്ന് കണ്ടത്തെി വെറുതെ വിടുകയായിരുന്നു. വാദി ക്രിമിനല്‍ കേസില്‍ സമര്‍പ്പിച്ച നഷ്ടപരിഹാര ഹര്‍ജിയും കോടതി തള്ളി.