ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തിലേക്ക്. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയതോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്ബതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നത്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അധികം വൈകാതെ കാഴ്ച പൂര്‍ണമായും ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ പ്രകാശം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കൂടാതെ വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കും.

കാഴ്ച ലഭിച്ചാല്‍ ആദ്യം ആരെ കാണണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ വിജയലക്ഷ്മിക്കുള്ളൂ. തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍നിന്ന, തന്റെ കണ്ണായി കൂടെനിന്ന അച്ഛനെയും അമ്മയെയും കാണണം. കൂടാതെ തന്റെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോകുന്നയാളെയും കാണാന്‍ മോഹിച്ച്‌ കാഴ്ചയുടെ പൂര്‍ണതയിലേക്കെത്തുന്ന ദിനത്തിനായി കാത്തിരിക്കുകയാണവര്‍. ഓരോ ദിവസം ചെല്ലുന്തോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വര്‍ദ്ധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. ചെറിയ തോതില്‍ വസ്തുക്കളെ തിരിച്ചറിയാന്‍ തുടങ്ങിയതോടെ വിജയലക്ഷ്മിയുടെ കുടുംബവും ഏറെ പ്രതീക്ഷയിലാണ്.