ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഹോസു കുര്യാസ് പുതിയ ക്ലബ്ബിലേക്ക്. സ്പാനിഷ് ക്ലബ്ബായ എക്സ്ട്രിമദുര യു.ഡിയുമായാണ് ഹോസു കരാറൊപ്പിട്ടത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ക്ലബ്ബുമായി കരാറിലെത്തിയ കാര്യം ഹോസു പുറത്തു വിട്ടത്.

ഈ സീസണ്‍ അവസാനം വരെയാണ് ഹോസു സ്പെയ്നിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എക്സ്ട്രിമദുര യു.ഡിയില്‍ കളിക്കുക. അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുകയാണെങ്കില്‍ ഹോസുവിന് കേരളത്തിനായി ഐ.എസ്.എല്ലില്‍ കളിക്കാനാകും.

കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്സിനായി ഹോസു മികച്ച കളിയാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്കില്‍ തിളങ്ങിയ ഹോസുവിന് പക്ഷേ അത്ലറ്റിക്കോ ദി കൊല്‍ക്കത്തക്കെതിരായ ഫൈനല്‍ കളിക്കാനായിരുന്നില്ല.

ഫൈനലില്‍ കേരളത്തിന്റെ പ്രകടനത്തില്‍ ഇത് നിഴലിക്കുകയും ചെയ്തു.

View image on Twitter

ഹോസുവിന്റെ ട്വീറ്റിന് താഴെ ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ ആശംസകള്‍ അറിയിച്ചതിനോടൊപ്പം ബ്ലാസ്റ്റേഴ്സിനായി അടുത്ത സീസണില്‍ കളിക്കുമോ എന്നും ചോദിക്കുന്നുണ്ട്. പക്ഷേ ഇതിന് ഹോസു ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഹോസു ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍.