നോട്ട് അസാധുവാക്കലിനും കേന്ദ്രനയങ്ങള്‍ക്കുമെതിരായ കോണ്‍ഗ്രസ് പ്രതിഷേധ കണ്‍വെന്‍ഷന്‍ ഇന്ന് ‍ഡല്‍ഹിയില്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ജന്‍ വേദ്‍ന സമ്മേളനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. പതിനാല് വിഭാഗങ്ങളിലായി അയ്യായിരം പേരെയാണ് കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

രമേശ് ചെന്നിത്തല ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖരെല്ലാം ഇന്നലെത്തന്നെ ‍ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ‍ഡിസിസി പുനസംഘടന മുതല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. തുടര്‍ച്ചയായി രണ്ടാംതവണയാണ് ഉമ്മന്‍ചാണ്ടി എഐസിസി സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്ന് മാറിനില്‍ക്കുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം ഏറ്റെടുക്കുന്നതിന്റെ വ്യക്തമായ സന്ദേശം കൂടിയാണ് സമ്മേളനം.

പാര്‍ട്ടി സ്ഥാപക ദിനാഘോഷ പരിപാടിയിലും സോണിയ ഗാന്ധിക്കുപകരം അധ്യക്ഷത വഹിച്ചത് രാഹുല്‍ ആയിരുന്നു. നോട്ട് അസാധുവാക്കലില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് നടത്തുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഒന്നാംഘട്ടത്തിന്റെ സമാപനം കൂടിയാണ് ജന്‍ വേദ്ന സമ്മേളനം. രണ്ടും മൂന്നും ഘട്ടങ്ങളുടെ തീരുമാനവും ഇവിടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.