കൊച്ചിന്‍ റിഫൈനറിയിലെ വൈദ്യുതപ്ലാന്‍റിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ തൊഴിലാളി മരിച്ചു. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെയാണ് റിഫൈനറിയിലെ വൈദ്യുതി സബ്സ്റ്റേഷനില്‍ പൊട്ടിത്തെറിയുണ്ടായത്.

ബിപിസിഎല്‍ എണ്ണ ശുദ്ധീകരണ ശാലയിലെ കരാര്‍ തൊഴിലാളിയായ പുത്തന്‍കുരിശ് സ്വദേശി അരുണ്‍ ഭാസ്കരനാണ് മരിച്ചത്. ബിപിസിഎല്‍ വൈദ്യുത പ്ലാന്‍റില്‍ ഇന്നലെ രാവിലെയുണ്ടായ പൊട്ടിത്തെറിയില്‍ അരുണിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയില്‍ മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ മുളന്തുരുത്തി സ്വദേശി വേലായുധന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്ലാന്‍റിലെ വൈദ്യുതി പ്ലാന്‍റിലെ ട‍ര്‍ബൈനോട് ചേര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ വലിയ തോതില്‍ തീപടര്‍ന്നു. കറുത്ത പുക ഉയര്‍ന്നത് പ്രദേശമാകെ പരിഭ്രാന്തി പടര്‍ത്തി. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. സംഭവത്തെക്കുറിച്ച്‌ ജില്ലാ കലക്ടര്‍ ബി പി എസ് എല്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസും അന്വേഷണവും പുരോഗമിക്കുകയാണ്.