നോട്ട് മാറാന്‍ ക്യൂ നിന്ന് കുഴഞ്ഞുവീണു മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ദുരൂഹസാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചു. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമിതി സമഗ്രമായി പരിശോധിക്കും.

വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതിയാണ് രൂപീകരിക്കുന്നത്. സമിതിയുടെ ഏകോപനവും സമിതിയില്‍ ആരൊക്കെ വേണം എന്നതിനെ കുറിച്ചുമുള്ള തീരുമാനങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.