പഞ്ചാബിലെയും ഗോവയിലെയും തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനി‍ര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈമാസം 18 ആണ്. ബജറ്റ് മാറ്റിവയ്ക്കണമെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഈയാഴ്ച ഉണ്ടാകും.

പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഒറ്റഘട്ടമായി അടുത്ത മാസം 4ന് ആണ് വോട്ടെടുപ്പ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 18 ആണ്. സുക്ഷ്മ പരിശോധന 19ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 21 ആണ്. പന്ത്രണ്ടു ദിവസത്തെ പ്രചരണ സമയമേ ഇതിനു ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടൂ. പഞ്ചാബില്‍ ബിജെപി അകാലിദള്‍ സഖ്യം തുടരുമ്ബോള്‍ കോണ്‍ഗ്രസ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ വന്‍മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഭരണവിരുദ്ധ വികാരം പ്രകടമായ സംസ്ഥാനത്ത് അകാലിദള്‍ വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും എഎപിക്കുമിടയില്‍ ഭിന്നിച്ചു പോയാലേ എന്‍ഡിഎയ്ക്ക് പ്രതീക്ഷയുള്ളു. അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള എഎപി ശ്രമം സമവായങ്ങള്‍ മാറ്റിയേക്കും.

ഗോവയിലും എഎപി വലിയ ശക്തിയായി ഉയരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ പടലപിണക്കം ബിജെപിക്ക് മുതല്‍കൂട്ടാണ്. ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടപ്പ് ഫെബ്രുവരി 11നാണ്. ഇതിനുള്ള വിജ്ഞാപനം ഈ മാസം 17ന് പുറപ്പെടുവിക്കും. സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗം നടത്തി എന്ന ആരോപണത്തില്‍ ബിജെപി നേതാവ് സാക്ഷി മഹാരാജിന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്കിയിരുന്നു.

ഇന്ന് വിശദീകരണം നല്കാനാണ് നിര്‍ദ്ദേശം. ബജറ്റ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെക്കുറിച്ച്‌ കാബിനറ്റ് സെക്രട്ടറി നല്കിയ മറുപടി പരിശോധിക്കുന്ന കമ്മീഷന്‍ ഈയാഴ്ച തന്നെ തീരുമാനം പ്രഖ്യാപിക്കും.