നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയ തിയേറ്റര്‍ സമരത്തിനെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി സംവിധായകനും നിര്‍മ്മാതാവും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ദു:ഖം അനുഭവിക്കുന്നവര്‍ നിര്‍മ്മാതാക്കാളാണെന്ന് പറഞ്ഞാല്‍ പലരും നെറ്റി ചുളിക്കുമെന്നും എന്നാല്‍ സത്യം
അതാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. വരുമാനത്തിന്റെ അമ്പതുശതമാനം വേണമെന്ന തിയേറ്റര്‍ ഉടമകളുടെ അവകാശം തികച്ചും അന്യായമാണെന്നും നിര്‍മാതാവിനുണ്ടാകുന്ന നഷ്ടം ഒരിക്കലും പ്രദര്‍ശന ശാലയ്ക്കുണ്ടാവുകയില്ലെന്നും ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടുന്നു. പടം ഓടിയില്ലെങ്കില്‍ നിര്‍മാതാവിന് മുടക്കു മുതല്‍ മുഴുവന്‍ പോകും. പക്ഷേ, തിയേറ്റര്‍ ഉടമയ്ക്ക് പടം മാറ്റി അടുത്തപടം കളിക്കാം. ഇനി പൂട്ടിയിട്ടാലും നഷ്ടമില്ല. തിയേറ്റര്‍ സ്ഥാവരവസ്തുവാണ്. നാള്‍ പോകുംതോറും ഭൂമിയുടെ വില കൂടുകയേയുള്ളൂ. നിര്‍മാണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ പലരും തന്നോട് പറഞ്ഞെങ്കിലും അത് അനുസരിച്ചില്ല. അവസാനം സ്വന്തമായി ഇരുപത്തിയഞ്ച് സിനിമകള്‍ നിര്‍മിച്ചപ്പോഴേക്കും കടം വീട്ടാന്‍ വേണ്ടി മദിരാശിയില്‍ മോഹിച്ചു വാങ്ങിയ വീടു വിറ്റുവെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.