നോട്ട് നിരോധനത്തെത്തുടര്‍ന്ന് കറന്‍സി ലഭ്യതയില്‍ ഉണ്ടായ കുറവുമൂലം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്ന് ലോക ബാങ്ക്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 7 ശതമാനമായി കുറയുമെന്നാണ് ലോക ബാങ്കിന്റെ കണക്കുകൂട്ടല്‍. രാജ്യം 7.6 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു കഴിഞ്ഞ ജൂണില്‍ ബാങ്കിന്റെ കണക്കുകൂട്ടല്‍.

അപ്രതീക്ഷിതമായ നോട്ട് നിരോധനം സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദ വളര്‍ച്ചയില്‍ ഇടിവുണ്ടാക്കിയതായി ലോക ബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായി കുറയുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാരും ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. റിസര്‍വ് ബാങ്കും ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു.