ടോപ്പ്ലെസ്സാകുന്നത് തന്‍റെ ഇഷ്ടമെന്നും നഗ്നത തന്‍റെ സ്വാതന്ത്ര്യമെന്നും മൈക്കല്‍ ജാക്സന്‍റെ മകള്‍ പാരീസ്. സാമൂഹ്യമാധ്യമങ്ങളില്‍ ടോപ്ലെസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെതിരേ ഉയര്‍ന്ന വിമര്‍ശനത്തിനാണ് പാരീസ് മറുപടിയുമായി എത്തിയത്. തന്‍റെ ശരീരം തന്‍റേത് മാത്രമാണെന്നും എന്തും ചെയ്യാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും നഗ്നതയില്‍ തന്നെ പിന്തുടരാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നുമാണ് പാരീസ് ജാക്സന്‍ തന്‍റെ പ്രവര്‍ത്തിയെ ന്യായീകരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അസംഖ്യം ടോപ്പ്ലെസ് ചിത്രങ്ങള്‍ താരം പോസ്റ്റുചെയ്തിരുന്നത് വാര്‍ത്തയായിരുന്നു.

നഗ്നത സൗന്ദര്യത്തിന്‍റെ വെളിപ്പെടുത്തല്‍ ആണെന്നും അത് പ്രകൃതിയുമായുള്ള ഒത്തിണങ്ങലാണെന്നും താരം പറയുന്നു. തന്‍റെ ശരീരം തന്‍റെ സ്വാതന്ത്ര്യമാണ്. ലൈംഗികതയുമായി ബന്ധിപ്പിക്കുന്നത് മാത്രമല്ല നഗ്നത. നഗ്നപാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിക്കുന്പോള്‍ ഉണ്ടാകുന്നതും സൂര്യ രശ്മികള്‍ നേരിട്ട് ശരീരത്തില്‍ പതിക്കുന്പോഴും പ്രകൃതിയിലേക്ക് മടങ്ങുകയാണ്. അതിന് അതിന്‍റേതായ ഒരു സുഖമുണ്ട്. ആനന്ദമുണ്ട്. എല്ലാം അനുഭവിച്ചറിയുക തന്നെ വേണമെന്നതാണ് തന്‍റെ മാര്‍ഗ്ഗമെന്ന് താരം പറയുന്നു. ഇതിന്‍റെ പേരില്‍ മാപ്പുപറയാനില്ലെന്നും പറഞ്ഞു.

പരിഹാസങ്ങളെയും അപവാദങ്ങളെയും പേടിക്കുന്നില്ല. നല്ല തോതില്‍ തനിക്ക് നേരെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണം നടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും തനിക്കിഷ്ടമുള്ള താന്തോന്നിത്തരങ്ങളുമായി മുന്പോട്ട് പോകുമെന്നും പറയുന്നു. പോപ്പ് രാജാവിന്‍റെ മകള്‍ എന്ന മേല്‍വിലാസത്തിനൊപ്പം ടോപ്പ് മോഡല്‍ പദവിയിലേക്ക് കൂടി കയറിയിരിക്കുന്ന താരത്തിന് ഇന്‍സ്റ്റാഗ്രാമില്‍ 14 ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. അടുത്തിടെ താരത്തിന്‍റെ ടോപ്ലെസ് ചിത്രങ്ങള്‍ വന്നുതുടങ്ങിയതോടെയാണ് രൂക്ഷ വിമര്‍ശകരും എത്തിയത്.