റാന്‍സംവേറിന്‍റെ പേരില്‍ വാന്നാക്രൈ ആഗോളമായി നടത്തിയ ആക്രമണത്തിന്‍റെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് ദിവസങ്ങള്‍ അധികമായില്ല. പൈറേറ്റ്സ് ഓഫ് കരീബിയന്‍റെ പുതിയ പതിപ്പ് ഡെഡ്മാന്‍ ടെല്‍ നോ ടേല്‍സ് ഹാക്ക് ചെയ്ത് വാള്‍ട്ട് ഡിസ്നിയില്‍ നിന്നും വന്‍ തുക ആവശ്യപ്പെട്ടെന്നും നല്‍കിയില്ലെങ്കില്‍ സിനിമ ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയ്യുമെന്നും ഭീഷണി മുഴക്കിയത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ബാഹുബലിയെ ലക്ഷ്യമിട്ട് വാന്നാക്രൈയുടെ ഇന്ത്യന്‍ സ്റ്റൈലിന് ശ്രമിച്ച ആറംഗ സംഘം ഹൈദരാബാദില്‍ പിടിയിലായി.

കഴിഞ്ഞ ദിവസം ബാഹുബലി നിര്‍മ്മാതാക്കളെ വിളിച്ച്‌ 15 ലക്ഷം തട്ടാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ സിനിയുടെ പതിപ്പ് ഇന്‍റര്‍നെറ്റില്‍ ലീക്ക് ചെയ്യുമെന്ന് നിര്‍മ്മാതാവായ കരണ്‍ ജോഹറിനെയും മറ്റു നിര്‍മ്മാതാക്കളെയും വിളിച്ചായിരുന്നു ഭീഷണി. സംഭവത്തില്‍ ആറംഗ സംഘമാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ ബീഹാറിലെ ഒരു തീയേറ്റര്‍ ഉടമ കൂടിയാണ്. ബോളിവുഡ് സിനിമകളുടെ പൈറേറ്റ് കോപ്പി സൃഷ്ടിക്കുന്നത് പതിവാക്കിയിട്ടുളള സംഘം ഇതിനകം അനേകം സിനിമകളുടെ പതിപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.