‘സച്ചിന്‍; എ ബില്ല്യണ്‍ ഡ്രീംസ്’ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഇന്ത്യ. ക്രിക്കറ്റ് ദൈവം സച്ചിന്‍റെ ജീവിത കഥ പറയുന്ന ഈ ചിത്രം എന്നാല്‍ ഒരു മുഴുനീള സിനിമയല്ലയെന്നതാണ് ദൈവത്തിന്‍റെ ജീവിതം സ്ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ ചെറുതായി നിരാശരാക്കുന്നത്. ഇതേക്കുറിച്ച്‌ സച്ചിനോട് ആരാധകര്‍ ആവശ്യപ്പെടുകയും ചെയ്തു.

സച്ചിന്‍; എ ബില്ല്യണ്‍ ഡ്രീംസിന്‍റെ പ്രചരണത്തിനായി ദുബായിലെത്തിയ സച്ചിനോട് ജീവിതം മുഴുനീള സിനിമയാക്കുന്പോള്‍ അഭിനയിക്കുന്നതിനെക്കുറിച്ച്‌ ആരാധകര്‍ ചോദിച്ചു. എന്നാല്‍ സിനിമ അഭിനയം തനിക്ക് പറ്റുന്ന പണിയല്ലെന്നാണ് സച്ചിന്‍ പ്രതികരിച്ചത്്. അങ്ങനെയൊരു സിനിമ സ്ക്രീനില്‍ കാണാന്‍ തനിക്കും ആഗ്രഹമുണ്ട്. ഞാനായി അഭിനയിക്കാന്‍ ഏറ്റവും യോഗ്യന്‍ ആമിര്‍ ഖാന്‍ ആണെന്നും സച്ചിന്‍ പറഞ്ഞു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്യാമറകള്‍ ഏറ്റവും കൂടുതല്‍ നേരം ഒപ്പിയെടുത്തയാള്‍ക്ക് മുഴുനീള സിനിമയില്‍ അഭിനയിച്ചു കൂടെ എന്നും ആരാധകര്‍ അഭ്യര്‍ത്ഥിച്ചു. രണ്ടു പതിറ്റാണ്ടുകള്‍ നീണ്ട സച്ചിന്‍റെ ക്രിക്കറ്റ് ജീവിതവും കുട്ടിക്കാലവുമുള്‍പ്പെടെ സച്ചിന്‍; എ ബില്ല്യണ്‍ ഡ്രീംസില്‍ കാണിക്കുന്നുണ്ട്. ബിസിസിഐയില്‍ നിന്ന് പണം കൊടുത്ത് വാങ്ങി സച്ചിന്‍റെ പ്രധാന മാച്ചുകളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.