കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പറ്റില്‍ ‘ലോകസുന്ദരിയായി’ ഐശ്വര്യ റായി ബച്ചന്‍. മിഷേല്‍ കിന്‍കോ രൂപകല്‍പന ചെയ്ത ഇളം നീലനിറത്തിലുള്ള, ബ്രൊക്കേഡ് ബാള്‍ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റെഡ് കാര്‍പറ്റിലെത്തിയത്.
ഡിസ്നി കഥകളിലെ രാജകുമാരിയോളം സുന്ദരിയെന്നാണ് പല ഫാഷന്‍ നിരൂപകരും ഐശ്വര്യയെ അഭിനന്ദിച്ചത്. മെയ് 20, 21 തിയതികളില്‍ സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോറിയല്‍ പാരിസിനെയാണ് ഐശ്വര്യ കാനില്‍ പ്രതിനിധീകരിക്കുന്നത്.
ആദ്യദിനമായ ഇന്നലെ ഫ്ലോറല്‍ ഗൗണുകളാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. യാനിന കൗച്ചറിന്റെ മരതകപ്പച്ച നിറത്തിലുള്ള ഗൗണ്‍, റെഡ് കാര്‍ഡപറ്റിലെ ഇളം നീല നിറത്തിലുള്ള ബ്രൊക്കേ്ഡ് ഗൗണ്‍, റെഡ്കാര്‍പറ്റിനു ശേഷം ധരിച്ച ക്രീം നിറത്തിലുള്ള ഗൗണും ഏറെ ശ്രദ്ധനേടി.

ക്രീം നിറത്തിലുള്ള ഫ്ലോറല്‍ ഗൗണ്‍ ധരിച്ചു നില്‍ക്കുന്ന ഐശ്വര്യയുടെ ഫോട്ടോ അതാ അവള്‍ എന്ന അടിക്കുറിപ്പോടെ ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇത് പതിനാറാമത്തെ വര്‍ഷമാണ് ഐശ്വര്യ കാന്‍ ചലച്ചിത്ര വേദിയുടെ റെഡ് കാര്‍പറ്റിലെത്തുന്നത്. ഐശ്വര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച, സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മകള്‍ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ കാനിലെത്തിയത്