തന്റെ പുതിയ ചിത്രമായ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ ടോറന്റിലാകും ഹിറ്റാകുക എന്നാണ് തോന്നുന്നതെന്ന് നടന്‍ ആസിഫ് അലി. ഫെയസ്ബുക്ക് ലൈവില്‍ ഒരു പ്രേക്ഷകന്റെ കമന്റിന് പ്രതികരണമായാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ തിയേറ്ററില്‍ പോയി കാണേണ്ട ചിത്രമാണെന്നും ആസിഫ് പറഞ്ഞു.

മികച്ച പ്രതികരണം നേടിയിട്ടും തിയേറ്ററുകളില്‍ നിന്നും പുറത്തുപോകുന്ന അവസ്ഥയിലാണ് ചിത്രം. ഇതേത്തുടര്‍ന്ന് ‘കാണണമെന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ, തിയേറ്ററീന്ന് ഇപ്പൊ തെറിക്കും’ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ രോഹിത് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു.

ഡിസ്ട്രിബ്യൂഷനില്‍ വന്ന പിഴവാണ് ചിത്രം പ്രേക്ഷകരിലേക്ക് വേണ്ട രീതിയില്‍ എത്താതെ പോയതെന്നു പറഞ്ഞ് ആസിഫ് അലി ഇന്നലെ മറ്റൊരു പോസ്റ്റിട്ടിരുന്നു. ഇതൊരു അസാധാരണ ചിത്രമല്ലെന്നും എന്നാല്‍ പ്രേക്ഷകന്റെ ആസ്വാദനത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ചിത്രമാണെന്നും ആസിഫ് പോസ്റ്റില്‍ പറയുന്നു. ഇതിനു പിന്നാലെയാണ് നടന്‍ ഫെയ്സ്ബുക്കില്‍ തത്സമയം എത്തിയത്.

ചിത്രത്തിന് താന്‍ വേണ്ടത്ര പ്രമോഷന്‍ നല്‍കിയില്ലെന്ന ആരോപണത്തിനും ലൈവില്‍ ആസിഫ് അലി മറുപടി പറഞ്ഞു. ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആസിഫ് അലി ചിത്രം എന്ന ലേബലില്‍ അറിയപ്പെടരുത് എന്നുള്ളതിനാലാണ് അല്‍പം ഉള്‍വലിഞ്ഞു നിന്നതെന്നും താരം വ്യക്തമാക്കി.

തന്റെ അടുത്ത സുഹൃത്തായ നടിയ്ക്ക് ഉണ്ടായ ദുരനുഭവത്തെ കുറിച്ച്‌ മോശമായ രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് താന്‍ ഫെയ്സ്ബുക്കില്‍ നിന്ന് വിട്ടുനിന്നതെന്നും ആസിഫ് പറഞ്ഞു.

അമ്മയെ തല്ലിയാലും രണ്ടുപക്ഷമെന്ന ചൊല്ലിന്റെ മോഡേണ്‍ വേര്‍ഷന്‍ ഞാന്‍ ഫെയ്സ്ബുക്കില്‍ കണ്ടു. നടിയെ അടുത്തറിയാമെന്നതിനാല്‍ എനിക്കിത് തീരെ അംഗീകരിക്കാനായില്ല. ഒരു മുറിയില്‍ ഒളിച്ചിരുന്ന് ചെയ്യാമെന്നതിന്റെ ധൈര്യമാണിത്. സിനിമകളെ വലിച്ചുകീറി ഒട്ടിക്കുന്നതും ഈ ധൈര്യത്താലാണ്. ഒരു പരിധിക്കപ്പുറം ഇതിനെതിരെ പ്രതികരിക്കാനാവില്ല. അങ്ങനെ ഇത് കണ്ടുകൊണ്ടിരിക്കാനാവില്ല എന്നതിനാലാണ് ഫെയ്സ്ബുക്കില്‍ നിന്ന് പിന്‍വാങ്ങിയത് -ആസിഫ് കൂട്ടിച്ചേര്‍ത്തു.