എഴുപതാമത് കാന്‍ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചലചിത്രോത്സവത്തിലെ പ്രധാന പുരസ്‌കാരമായ പാം ഡി ഓര്‍ റൂബന്‍ ഓസ്റ്റ്‌ലാന്‍ഡ് സംവിധാനം ചെയ്ത സ്വീഡിഷ് ചിത്രമായ ‘ദി സ്‌ക്വയര്‍’ കരസ്ഥമാക്കി.

അമേരിക്കന്‍ സിവില്‍ യുദ്ധം പശ്ചാത്തലമാക്കി ‘ദ ബിഗ്വില്‍ഡ്’ എന്ന ചലച്ചിത്രം സംവിധാനം ചെയ്ത സോഫിയ കപ്പോളക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. ദി ഫെഡ് ലെ അഭിനയത്തിന് ഡയാന ക്രൂഗര്‍ മികച്ച നടിക്കും, യു വെര്‍ റിയലി ഹിയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു ജോക്വിന്‍ ഫീനിക്‌സ് മികച്ച നടനുമുള്ള അവാര്‍ഡുകള്‍ നേടി.
ഫ്രഞ്ച് ചലച്ചിത്രമായ 120 ബീറ്റ്‌സ് പേര്‍ മിനിറ്റ് ഗ്രാന്‍പ്രീ പുരസ്‌കാരത്തിനര്‍ഹമായി. എഴുപതാം വാര്‍ഷിക പുരസ്‌കാരം നിക്കോള്‍ കിഡ്മാന് നല്‍കി. ഹ്രസ്വ ചിത്രങ്ങള്‍ക്കുള്ള പാം ഡി ഓര്‍ ക്യു യാങ് സംവിധാനം ചെയ്ത ‘എ ജെന്റില്‍ നൈറ്റ്’ കരസ്ഥമാക്കി.

ഫ്രഞ്ച് സംവിധായകന്‍ ലിയോണാര്‍ സെരയ്ല്ലയുടെ കന്നിചിത്രമായ ‘ഴോണ്‍ ഫെമ്മെ’ മികച്ച ചിത്രത്തിനുള്ള ക്യാമറ ഡി ഓര്‍ പുരസ്‌കാരം നേടി. ജൂറി പുരസ്‌കാരം ആന്ദ്രെ സ്‌വ്യാഗിന്‍ന്റ്‌സേവ് സംവിധാനം ചെയ്ത ചിത്രമായ ലൗലെസ് നേടി.