കലാമണ്ഡലം ഗോപിയുടെ 80-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്ന സ്നേഹാദരണം പരിപാടിയിലാണ് ആസ്വാദകരുടെ ആവശ്യാനുസരണം നവരസങ്ങളും ‘മറിമാന്‍കണ്ണി മൌലിയുടെ മറിമായം ഇതാര്‍ക്കറിയാം’ എന്ന് തുടങ്ങുന്ന പദവും അവതരിപ്പിച്ചത്.. 80ലും മായാത്ത പ്രസരിപ്പുമായി ആചാര്യന്‍ തിളങ്ങിയപ്പോള്‍ കഥകളിയിലെ നിത്യവിസ്മയമായാണ് മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്.

കഥകളിയെന്നാല്‍ ഗോപിയാശാനും ഗോപിയാശാനെന്നാല്‍ കഥകളിയുമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വാനപ്രസ്ഥം എന്ന ചിത്രത്തിന്റെ സെറ്റിലാണ് ആദ്യമായി ഗോപിയാശാനെ കണ്ടത്. കഥകളിയറിയാത്ത താന്‍ കഥകളി നടനായും കഥകളി ആചാര്യനായ ഗോപിയാശാന്‍ ആസ്വാദകനായുമാണ് സിനിമയില്‍ അഭിനയിച്ചത്.  ഷൂട്ടിങ് തിരക്കിനിടയിലും ഈ പിറന്നാള്‍ചടങ്ങില്‍ പങ്കെടുക്കാനായത്  തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനനിമിഷങ്ങളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് മോഹന്‍ലാലെന്ന് ചടങ്ങില്‍ സംസാരിച്ച കലാമണ്ഡലം ഗോപി പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ തന്റെ ശിഷ്യരും സുഹൃത്തുക്കളും നല്‍കിയ ഈ ആദരവിനേക്കാള്‍ മികച്ചതായി മറ്റൊരു ഭാഗ്യവും തനിക്ക് ലഭിക്കാനില്ലെന്നും  അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന രണ്ടാമൂഴം സിനിമയുടെ നിര്‍മാതാവും പ്രമുഖവ്യവസായിയുമായ ബി ആര്‍ ഷെട്ടി 80 സ്വര്‍ണനാണയങ്ങള്‍ ഗോപിയാശാന് ഉപഹാരമായി നല്‍കി.