പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് രാജ്യത്തിന് സമര്‍പ്പിച്ചു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്‍റെ സ്വപ്ന പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.

വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പോസിറ്റിവ് സമീപനമാണ് ഉള്ളതെന്നും കേന്ദ്രത്തിൽ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു‍. മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ ശ്രമിച്ചവർക്ക് ഇപ്പോൾ‌ നിരാശ തോന്നുന്നുണ്ടാകുമെന്നും അദ്ദേഹം പറ്ഞ്ഞു.

വികസനത്തോടൊപ്പം പരിസ്ഥിതിക്കും കേരള സര്‍ക്കാര്‍ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ആഘാതം വരുന്നതിനാലാണ് ആറന്മുള വിമാനത്താവളത്തിന് സംസ്ഥാനസര്‍ക്കാര്‍ എതിരുനിന്നത്- മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോടും, ഡിഎംആര്‍സിയോടും, പ്രത്യേകിച്ച് ഇ. ശ്രീധരനോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.